ജനുവരി 2 എന്ന ദിവസമുണ്ടെങ്കിൽ ശബരിമലയിലെത്തും, ഒറ്റയ്‌ക്കല്ല നൂറ് സ്ത്രീകൾ ഒപ്പമുണ്ടാകും, വെല്ലുവിളിയുമായി ബിന്ദു അമ്മിണി
കണ്ണൂർ: പിന്നോട്ടില്ലെന്നും ജനുവരി 2 എന്ന ദിവസമുണ്ടെങ്കിൽ ശബരിമലയിൽ വീണ്ടും പോയിരിക്കുമെന്നും ബിന്ദു അമ്മിണി കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയിൽ എത്തുക എന്നും ബിന്ദു അമ്മിണി പറഞ്ഞു.
കഴിഞ്ഞ വർഷം മല ചവിട്ടിയതിന്റെ വാർഷിക ദിനം കൂടിയാണ് ജനുവരി 2. മല ചവിട്ടുന്നതിന് വേണ്ടി പൊലീസിന്റെ സംരക്ഷണം തേടുമെന്നും ബിന്ദു കൂട്ടിച്ചേർത്തു. പൊലീസ് അനുമതി തരാത്തപക്ഷം കോടതിയെ സമീപിക്കും. ഇന്നലെ പൊലീസ് കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല. ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിട്ടില്ലെങ്കിലും മറ്റ് വ്രതാനുഷ്ഠാനങ്ങൾ പാലിക്കുന്നുണ്ട്. സ്ത്രീകൾ മല ചവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല. സതി നിറുത്തലാക്കിയപ്പോഴും ഇത്തരത്തിലുള്ള വാദം ഉയർന്നിരുന്നല്ലോ.
ആരാണ് വിശ്വാസി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇവർ തയ്യാറാകണം. ഞങ്ങളെ എറണാകുളത്ത് തടഞ്ഞതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. യുവതീ പ്രവേശനത്തെ തടയുന്നവരുടെ ഉദ്ദേശ്യം ഇവിടെ കലാപം നടത്തുക എന്നത് മാത്രമാണ്. ശബരിമല അല്ല അവരുടെ വിഷയം.
മന്ത്രി എ.കെ. ബാലനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയിരുന്നു. ഞാനും ഈ രാജ്യത്തെ പൗരയാണ്. അങ്ങനെയുള്ള എനിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്രമില്ലേ. ഞാൻ എന്തിനാണ് മന്ത്രിയുടെ ഓഫീസിൽ പോയതെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകും. ഏറ്റുമാനൂരിലെ ആദിവാസി കുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ കാണാൻ പോയത്. ശബരിമല വിഷയവും മന്ത്രി ബാലനും തമ്മിൽ എന്താണ് ബന്ധമെന്ന് എനിക്കറിയില്ലെന്നും ബിന്ദു പറഞ്ഞു. ഒരു മന്ത്രിയുടെ കാല് പിടിച്ച് ശബരിമലയ്ക്ക് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. കഴിഞ്ഞ വർഷവും ഈ വർഷവും സി.പി.എം സ്വീകരിച്ചിട്ടുള്ള അടിസ്ഥാനപരമായ നയം ഒന്നുതന്നെയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തന്ത്രപരമായ നിശബ്ദതയാണ് സി.പി.എം പാലിക്കുന്നത്. പൊലീസിനകത്ത് വലിയ കാവിവത്കരണം നടക്കുന്നുണ്ട്. ഇതിൽ സർക്കാർ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇനിയും ഇത്തരം കലാപങ്ങളും അക്രമങ്ങളും ആവർത്തിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
സുരക്ഷ ഒരുക്കുമോ ? അറിയാൻ ബിന്ദു കമ്മിഷണറെ കാണും
കൊച്ചി: ശബരിമല ദർശനം നടത്താൻ ഉറപ്പിച്ച ബിന്ദു അമ്മിണി, പൊലീസ് സുരക്ഷയിൽ വ്യക്തത തേടി ഇന്ന് സിറ്റി പൊലീസ് കമ്മിഷണറെ കാണും. ഇക്കാര്യം കാട്ടി ഇന്നലെ കത്ത് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പൊലീസ് സംരക്ഷണം നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ബിന്ദു തീരുമാനിച്ചിട്ടുള്ളത്. അതേസമയം, ഇന്നലെ എടുത്ത നിലപാട് തന്നെയാകും കമ്മിഷണർ ബിന്ദുവിനെ അറിയിക്കുക. ബിന്ദു അമ്മിണി കമ്മിഷണർ ഓഫീസിൽ എത്തുമെന്ന വിവരത്തെ തുടർന്ന് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്തയാൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളാണെന്ന ബിന്ദുവിന്റെ ആരോപണം പൊലീസ് തള്ളി. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള വകുപ്പുകളാണ് ഇയൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ല. ഇതിൽ പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായി ബിന്ദു അമ്മിണി ആരോപിക്കുന്നു. ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം തേടി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം കൊച്ചി കമ്മിഷണർ ഓഫീസിൽ എത്തിയപ്പോഴാണ് ബിന്ദു അമ്മിണിക്ക് നേരെ മുളകു സ് പ്രേ ആക്രമണം ഉണ്ടായത്. കേസിൽ ഹിന്ദു ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർ ശ്രീനാഥ് പത്മനാഭനാണ് അറസ്റ്റിലായത്. ഇയാൾ റിമാൻഡിലാണ്.
ഗൂഢാലോചന അന്വേഷിക്കും
കൊച്ചയിൽ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളകു സ് പ്രേ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ആക്രമണം നടത്താൻ മുൻകൂട്ടി തീരുമാനിച്ചിരുന്നോ, മറ്റാരെങ്കിലും സമാനമായി മുളകു സ് പ്രേ കൊണ്ടുവന്നിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം, മുളകു സ്‌പ്രേ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേഷം എറിഞ്ഞുകളഞ്ഞെന്നാണ് റിമാൻഡിൽ കഴിയുന്ന ശ്രീനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്‌പ്രേയാണോ എന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തനിക്ക് നേരെ ആക്രമണം നടത്തിയ ആളെ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നെന്ന ആരോപണം ബിന്ദു ഇന്ന് വീണ്ടും നടത്തിയിട്ടുണ്ട്. മുളകു സ് പ്രേയാണ് മുഖത്തേക്ക് അടിച്ചത്. ആദ്യം കുഴപ്പമുണ്ടായില്ല. പിന്നീട് അവസ്ഥ ഭീകരമായിരുന്നെന്ന് ബിന്ദു പറഞ്ഞു. അതേസമയം,ബിന്ദു അമ്മിണിയെ കൈയ്യേറ്റം ചെയ്തവരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.