എൽ.പി.ജി സിലിണ്ടർ: പ്രീ-ഡെലിവറി ചെക്ക് കാമ്പയിനുമായി ഐ.ഒ.സി

Thursday 28 November 2019 5:48 AM IST

ചെന്നൈ: എൽ.പി.ജി സിലിണ്ടറുകളുടെ രാജ്യവ്യാപക പ്രീ-ഡെലവറി പരിശോധനാ കാമ്പയിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) തുടക്കമിട്ടു. അടുത്ത തവണ ബുക്ക് ചെയ്‌ത എൽ.പി.ജി സിലിണ്ടർ, വീട്ടിലെത്തുമ്പോൾ ഡെലിവറി നടത്തിയ ആളോട് ഇനി സിലിണ്ടർ പരിശോധന നടത്താൻ ആവശ്യപ്പെടാം.

സിലിണ്ടറിന്റെ ഭാരം, ഒ-റിംഗ് ലീക്ക് പരിശോധന, വാൽവിലെ ലീക്ക് പരിശോധന തുടങ്ങിയവയാണ് ഉപഭോക്താവിന്റെ മുമ്പിൽ നടത്തുക. പ്രീ-ഡെലിവറി പരിശോധനയ്‌ക്കാനുള്ള കിറ്റ് (സാമഗ്രികൾ) ഡെലവറി നടത്തുന്നവർക്ക് കമ്പനി നൽകും. ഭാരം പരിശോധിക്കാനുള്ള മെഷീനും ഇതിലുണ്ടാകും. ഉപഭോക്താവിന്റെ മുമ്പിൽതന്നെ സിലിണ്ടറിന്റെ ഭാരം ഡെലിവറി നടത്തുന്നവർ തൂക്കികാണിക്കും.

ലീക്കേജോ മറ്രെന്തെങ്കിലും പ്രശ്‌നങ്ങളോ കണ്ടെത്തിയാൽ ആ സിലിണ്ടറിന് പകരം മറ്റൊന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം.

ഇന്ത്യൻ ഓയിലിന്റെ എൽ.പി.ജി ബ്രാൻഡായ ഇൻഡേനിന്റെ 12.5 കോടി ഉപഭോക്താക്കൾ, 12000 ഡിസ്‌ട്രിബ്യൂട്ടർമാർ, 64000 ഡെലിവറി തൊഴിലാളികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രതിദിനം 30 ലക്ഷം ഇൻഡേൻ സിലിണ്ടറുകളാണ് രാജ്യവ്യാപകമായി ഐ.ഒ.സി വിതരണം ചെയ്യുന്നത്.