പാമ്പുകടിയേറ്റ് മരണം : ഷഹലയുടെ ജീവൻ രക്ഷിക്കാമായിരുന്നു,​ അദ്ധ്യാപകർക്കും ഡോക്ടർക്കും ഗുരുതരവീഴ്ച യെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്

Thursday 28 November 2019 11:49 PM IST

കൊച്ചി: ബത്തേരി സർവജന സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജി എ.ഹാരിസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ ഷഹലയുടെ ജീവൻരക്ഷിക്കാമായിരുന്നുവെന്നും ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അദ്ധ്യാപകർക്കും കൃത്യമായ ചികിത്സ നൽകുന്നതിൽ പരിശോധിച്ച ഡോക്ടർക്കും വീഴ്ച പറ്റിയെന്ന് തന്റെ അന്വേഷണ റിപ്പോർട്ടിൽ ജഡ്ജി എ. ഹാരിസ് പറയുന്നു.

പാമ്പ് കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അച്ഛനെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സ്കൂളിലെ അദ്ധ്യാപകർ ചെയ്തത്. അരമണിക്കൂറോളം പാമ്പ് കടിയേറ്റ കുട്ടി സ്കൂളിൽ ഉണ്ടായിരുന്നു. കുട്ടിയേയും കൂട്ടി അച്ഛൻ ആശുപത്രിയിലേക്ക് പോകുമ്പോൾ അദ്ധ്യാപകർ നോക്കി നിന്നത് തെറ്റാണ്.

അവശയായ മകളെയും തോളിലിട്ട് വിതുമ്പി കൊണ്ട് പോകുന്ന അച്ഛന്റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ഈ ദൃശ്യം കണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കൃത്യമായ ചികിത്സ നൽകുന്നതിന് പരിശോധിച്ച ഡോക്ടർക്ക് സാധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി നാളെ പരിഗണിക്കും. അദ്ധ്യാപകരുടേയും ഡോക്ടറുടേയും വീഴ്ചകൾ എണ്ണി പറയുന്ന റിപ്പോർട്ടിൽ സ്വമേധയ കേസെടുക്കുന്നത് അടക്കമുള്ള കർശന നടപടികളിലേക്ക് ഹൈക്കോടതി കടക്കാൻ സാധ്യതയുണ്ട്.