മറുപരാതി നൽകി അഭിഭാഷക

Saturday 30 November 2019 11:27 AM IST
HIGH COURT

തിരുവനന്തപുരം: പ്രതിയുടെ ജാമ്യം നിഷേധിച്ച മജിസ്ട്രേട്ടിനെ ചേംബറിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാകുമെന്ന് ഭയന്ന് ബാർ അസോസിയേഷൻ വനിതാ ഭാരവാഹി മറുപരാതിയുമായി പൊലീസിനെ സമീപിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ദീപ മോഹനന് എതിരെ ബാർ അസോസിയേഷന്റെ മാനേജിംഗ് കമ്മിറ്റി അംഗമായ രാജേശ്വരിയാണ് പരാതി നൽകിയത്. ഇന്നലെ രാവിലെ നൽകിയപരാതിയിൽ രാത്രി വൈകിയും പൊലീസ് കേസ് എടുത്തിട്ടില്ല. ബുധനാഴ്ച പ്രതിയുടെ ജാമ്യം നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ മജിസ്ട്രേട്ടിനെ തിരുത്താൻ ശ്രമിച്ചപ്പോൾ മജിസ്ട്രേട്ട് തെറിവിളിയ്ക്കുകയും മുതുകിൽ മർദ്ദിയ്ക്കുകയും ചെയ്തതായി രാജേശ്വരി പരാതിയിൽ പറയുന്നു.

ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ മജിസ്ട്രേട്ട് നൽകിയ പരാതിയ്ക്ക് ബദലാണ് വനിതാ അഭിഭാഷകയുടെ പരാതിയെന്നാണ് വിവരം. പരാതിയിൽ പൊലീസ് കേസ് എടുത്താൽ ജാമ്യം ലഭിയ്ക്കുന്ന നിസാരവകുപ്പുകൾ മാത്രമേ ചുമത്താൻ കഴിയൂവെന്ന് കോടതിവൃത്തങ്ങൾ വ്യക്തമാക്കുന്നു.