ദേശീയപാത അതോറിട്ടി വിജ്ഞാപനം വന്നു; ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ
കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർദ്ദിഷ്ട ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ നിർമ്മിക്കാൻ തീരുമാനം. ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ദേശീയപാത അതോറിട്ടി വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഡിസംബർ 12ന് ഹാജരാകാൻ ഉടമകൾക്ക് നോട്ടീസ് നൽകും.
കീഴാറ്റൂരിലെ ബൈപാസ് അലൈൻമെന്റ് മാറ്റാൻ സാദ്ധ്യത കുറവാണെന്ന് സംസ്ഥാന സർക്കാർ നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. കീഴാറ്റൂർ വയലിൽ നിന്നു മാറി മറ്റൊരു വഴിയിലൂടെ കടന്നു പോകുമ്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും ഇതു പ്രായോഗികമല്ലെന്നുമാണ് സംസ്ഥാന സർക്കാർ കണ്ടെത്തിയത്.
അലൈൻമെന്റ് മാറ്റാൻ സാദ്ധ്യതയില്ലെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചതിന് ശേഷം കേന്ദ്ര മന്ത്രി നിതിൽ ഗഡ്കരി ബി.ജെ.പി നേതാക്കളുമായും കീഴാറ്റൂരിൽ സമരം ചെയ്യുന്ന വയൽക്കിളികളുമായും ചർച്ച നടത്തിയതും വിവാദമായിരുന്നു. ഈ ചർച്ച സംസ്ഥാനസർക്കാരിനെ ഒഴിവാക്കിയാണ് നടന്നത്.
ബി.ജെ.പി മോഹിപ്പിച്ച് വഞ്ചിച്ചു
ബി.ജെ.പി മോഹിപ്പിച്ചു വഞ്ചിച്ചിരിക്കയാണ്. കോർപറേറ്റ് നയങ്ങൾ നടപ്പിലാക്കുന്നതിൽ ബി.ജെ.പിയുടെ ബി ടീമാണ് സി.പി.എമ്മെന്ന് തെളിഞ്ഞു.
- സുരേഷ് കീഴാറ്റൂർ (വയൽക്കിളി നേതാവ്)
വയൽക്കിളികൾക്ക് മടങ്ങിവരാം,
വഞ്ചന ബി.ജെ.പിയുടെ പതിവ് പരിപാടി
വാഗ്ദാനം ചെയ്ത് വഞ്ചിക്കൽ ബി.ജെ.പിയുടെ പതിവ് പരിപാടിയാണ്. വയൽക്കിളികൾക്ക് പാർട്ടിയിലേക്ക് മടങ്ങിവരാം.
- പി. ജയരാജൻ (സി.പി.എം ജില്ലാ സെക്രട്ടറി)
വയൽപ്രശ്നം ഇങ്ങനെ
ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണിനെ ഒഴിവാക്കി നിർമ്മിക്കുന്ന നാലുകിലോമീറ്റർ ബൈപാസ്. ആദ്യ സർവേയിൽ കൂടുതൽ വീടുകൾ നഷ്ടമാകുന്നതൊഴിവാക്കാനാണ് കീഴാറ്റൂർ വയലിലൂടെയുള്ള അലൈൻമെന്റ് തയ്യാറാക്കിയത്. ഇതിനെതിരെ സി.പി.എമ്മായിരുന്നു ആദ്യം സമരത്തിനിറങ്ങിയത്. ഭരണമാറ്റത്തിന് പിന്നാലെ സി.പി.എം പിന്മാറിയെങ്കിലും ഒരു വിഭാഗം നാട്ടുകാർ വയൽക്കിളികളെന്ന പേരിൽ സമരം ശക്തമാക്കി. പാർട്ടിഗ്രാമത്തിലെ സമരം ശ്രദ്ധയാകർഷിച്ചതോടെ ബി.ജെ.പി അടക്കം പിന്തുണയുമായെത്തി. ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് കേന്ദ്രം കീഴാറ്റൂരിൽ ബദൽ പാത സാദ്ധ്യത തേടാൻ സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു.