കണ്ണനെ കണ്ടില്ല, പുല്ലാങ്കുഴൽ നിവേദ്യം സുബ്രഹ്മണ്യന് !
കാഞ്ഞങ്ങാട്: ഗുരുവായൂർ കണ്ണന് നൽകാൻ കാത്തുവച്ച പുല്ലാങ്കുഴൽ നിവേദ്യം അതിയാമ്പൂരിയിലെ സുബ്രഹ്മണ്യന് മുന്നിൽ കല്യാണി സമർപ്പിച്ചു,ഒപ്പം ചേർന്നപ്പോൾ കാഴ്ചക്കാരുടെ എണ്ണം കൂടി. വിസ്മയ സ്വരമഴയൊരുക്കി അനുഗ്രഹവും വാങ്ങി ക്ഷേത്രനടയിൽ നിന്ന് നേരെ മത്സരവേദിയിലേക്ക്.
പുല്ലാങ്കുഴലിലൂടെ കേരളക്കരയുടെ മനസ് കീഴടക്കിയ കുടമാളൂർ ജനാർദ്ദനനും മകളുമാണ് അവരെന്നറിഞ്ഞതും കാണാനും കേൾക്കാനുമെത്തിയവർക്ക് മനസ് നിറച്ച് സന്തോഷം.
ഹയർ സെക്കൻഡറി വിഭാഗം പുല്ലാങ്കുഴൽ മത്സരത്തിൽ പങ്കെടുക്കാനാണ് തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയായ കല്യാണി ജെ.അയ്യർ അച്ഛനും അമ്മയ്ക്കുമൊപ്പം കാഞ്ഞങ്ങാട്ടെത്തിയത്. പൂജപ്പുരയിൽ നിന്ന് കാറിൽ വരുമ്പോൾ ഗുരുവായൂരപ്പന് മുന്നിൽ കല്യാണിക്ക് പുല്ലാങ്കുഴൽ വായിക്കാനൊരു മോഹം. പക്ഷേ, പറന്നാണ് വന്നത്. കണ്ണൂരിൽ വിമാനമിറങ്ങി നേരെ കാഞ്ഞങ്ങാട്ടേക്ക്. ഇനി മടക്കയാത്രയും വിമാനത്തിലാണ്. മനസിൽ സൂക്ഷിച്ച നിവേദ്യം കണ്ണന് മുന്നിൽ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കാഞ്ഞങ്ങാടിനടുത്ത് അതിയാമ്പൂരിയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മൂവരുമെത്തി നാദവിസ്മയം തീർത്തു. പിന്നെ വേദിയിലെത്തി പൂർവികല്യാണിരാഗത്തിൽ രാഗം താനം പല്ലവി വായിച്ചു. സദസ് കൈയടിയോടെ പറഞ്ഞു കുട്ടി പാരമ്പര്യം കാത്തു!
കുടമാളൂർ ജനാർദ്ദന അയ്യർ, കുടമാളൂർ കൃഷ്ണയ്യർ, കുടമാളൂർ ജനാർദ്ദനൻ, കുടമാളൂർ കല്യാണി എസ്. അയ്യർ നാദവിസ്മയത്തിന്റെ തലമുറയിങ്ങനെ നീളും. പുല്ലാങ്കുഴൽ നാദ പ്രവാഹത്തിലൂടെ ലോകം മുഴുവനുമുള്ള സംഗീത പ്രേമികളുടെ ആരാധന നേടിയ കുടമാളൂർ ജനാർദ്ദനന്റെ മകളാണെന്ന ജാഡകളില്ലാതെ പങ്കെടുത്ത കുട്ടികളോടൊക്കെ സൗഹൃദം പങ്കിടാനും കല്യാണി മടിച്ചില്ല. എട്ടാം ക്ളാസിൽ പഠിക്കുന്ന സമയത്താണ് പുല്ലാങ്കുഴൽ ചുണ്ടോട് ചേർത്തത്. അന്നുമുതൽ ഇന്നുവരെ തുടർച്ചയായി നാലാംതവണയും കല്യാണിക്ക് എ ഗ്രേഡ് സ്വന്തമാണ്.