കേരള സർവകലാശാല മോഡറേഷൻ വിവാദം: ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

Tuesday 03 December 2019 12:00 AM IST

തിരുവനന്തപുരം : കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് ക്രമക്കേട് ക്രൈംബ്രാ‌ഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.

മോഡറേഷൻ മാർക്ക് ക്രമക്കേടിൽ സർവകലാശായ്ക്ക് ഗുരുതരമായ വീഴ്‌ച സംഭവിച്ചതായി സംഭവത്തെക്കുറിച്ച് പ്രാഥമിക പരിശോധന നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷിക്കണത്തിനുള്ള ശുപാർശ സിറ്റി പൊലീസ് കമ്മീഷണർക്കും, കമ്മീഷണർ ഡി.ജി.പിക്കും കൈമാറിയിരുന്നു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡി.ജി.പി ഉടൻ

ഉത്തരവിറക്കും.

മോഡറേഷനുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയറിൽ ഉൾപ്പെടെ സർവകലാശാല സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നായിരുന്നു പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. മോഡറേഷൻ ക്രമക്കേടിന്റെ ഉറവിടമായ ഇ.എസ് സെക്ഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര അനാസ്ഥയാണ്, സെക്ഷനുകളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക കമ്പ്യൂട്ടറില്ല, ഡെപ്യൂട്ടി രജിസ്ട്രാർ തന്റെ യൂസർ ഐ.ഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥർക്ക് നൽകുന്നു തുടങ്ങിയ വീഴ്ചകൾ വ്യക്തമായി. സർവകലാശാലയുടെ വീഴ്ചകൾ മുതലെടുത്ത് ചിലർ തട്ടിപ്പ് നടത്തിയതാണോയെന്ന് പരിശോധിക്കണമെന്നും ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ശുപാർശയിൽ പറയുന്നു.

അതേസമയം സർവകലാശാലയുടെ ആഭ്യന്തര സാങ്കേതിക സമിതി നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ് വെയറിലെ വീഴ്ചയാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, ഐ.ടി വിഭാഗം മേധാവിയെ സ‌സ്പെൻഡ് ചെയ്തു. ബോധപൂർവം ആരെങ്കിലും ക്രമക്കേട് നടത്തിയതാണോയെന്ന് ഉറപ്പിക്കാനും കഴിഞ്ഞില്ല ഈ സാഹചര്യത്തിൽ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം നീണ്ടേക്കും.