വിരക്തി എത്രമാത്രം

Wednesday 04 December 2019 12:16 AM IST

ഈയിടെയായി വിരക്തിയെപ്പറ്റി അനവധി ചർച്ചകൾ നടക്കുന്നു, സത്യത്തിൽ ആളുകൾ സാഹചര്യങ്ങളിൽ കുരുങ്ങുന്നതാണ് ഇതിന് യഥാർത്ഥ കാരണം. എന്നിട്ട് വിരക്തിയെപ്പറ്റി സംസാരിക്കുന്നു. ജീവിതത്തിൽ മുഴുകാനറിയാമെങ്കിൽ, നിങ്ങൾ വിരക്തിയെപ്പറ്റി സംസാരിക്കില്ല.

ജീവിതത്തിലെന്തെങ്കിലും പ്രശ്‌നമുള്ളതു കൊണ്ടല്ല ജീവിതത്തെ തെറ്റായി കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് നിങ്ങൾ കുരുക്കുകളിൽ പെടുന്നത്. നിങ്ങൾ വിരക്തിയെപ്പറ്റി സംസാരിക്കുമ്പോൾ, ജീവിതത്തെ അവഗണിക്കാനാണ് ശ്രമിക്കുന്നത്.

നിങ്ങളുടെ ജീവിതം, സാദ്ധ്യമാകുന്നതിലേറ്റവും സമൃദ്ധമായിരിക്കണം , കുരുക്കുകളെക്കുറിച്ചുള്ള ഭയം നിങ്ങളെ അതെക്കുറിച്ചുള്ള തത്വങ്ങൾ നെയ്യാൻ പ്രേരിപ്പിക്കുന്നു. നിങ്ങൾ ശ്വസിക്കുന്ന വായു, നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം, ചുറ്റുമുള്ള ജീവിതങ്ങൾ, ഈ സമയം നിങ്ങൾക്ക് നിങ്ങളെ സ്‌പർശിക്കുന്ന എല്ലാത്തിനോടും ലയിക്കാമെങ്കിൽ, നിങ്ങളുടെയുള്ളിൽ കുരുക്കുകളെക്കുറിച്ചുള്ള ചോദ്യമേ ഉദിക്കുകയില്ല. വിവേചനത്തോടെയുള്ള പങ്കാളിത്തമാണ്, കുരുക്കിന് കാരണം. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാത്തിനോടും മുഴുകാനായാൽ, ആ നിമിഷം നിങ്ങൾക്ക് ജീവനെ അറിയാം. ആത്മീയതയിലാവുക എന്നാൽ, ജീവന്റെ എല്ലാതലങ്ങളെയും അറിയാൻ തക്കവണ്ണം അഗാധതയിൽ നിങ്ങൾക്ക് താത്‌പര്യമുണ്ടെന്നാണ്. ഭൗതികത മാത്രമല്ല, ജീവന്റെ എല്ലാം നിങ്ങൾ അറിയണം.

ജീവിതത്തെ അവഗണിക്കാൻശ്രമിക്കുന്നവർ ആത്മീയതയിലാവാനുള്ള സാദ്ധ്യതയില്ല, കാരണം ആത്മീയതയിൽ എല്ലാത്തിനോടുമുള്ള പരിപൂർണമായ പങ്കാളിത്തം അത്യാവശ്യമാണ്. അതല്ലാതെ സാദ്ധ്യതയില്ല.അറിവില്ലായ്‌മയോടെ ജീവിതത്തെ കൈകാര്യം ചെയ്യുന്നതാണ് കുരുക്കുകളിൽ പെടാൻ കാരണം, അല്ലാതെ ജീവന്റെ പ്രവർത്തനങ്ങളല്ല. നിങ്ങളുടെ ഭൗതീക ശരീരം മുതൽ, ചിന്തകൾ, വിചാരങ്ങൾവികാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കുടുംബം, ജോലി, നിങ്ങളെന്താണെന്ന കൃത്യമായ കാഴ്ചപ്പാട് എന്നിവയില്ലെങ്കിൽ നിങ്ങൾ കുരുക്കിൽ പെടും. നിങ്ങളെന്താണെന്നും നിങ്ങളെന്തല്ലെന്നുമുള്ള അവബോധം നിലനിറുത്തുക. കൃത്യമായി വകതിരിവിനെ നിലനിറുത്താമെങ്കിൽ, കുരുങ്ങുന്നതിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.