ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തന്നെ എനിക്കത് പിടികിട്ടി, സിനിമയിൽ തുടരാത്തതെന്തെന്ന് വ്യക്തമാക്കി ശ്രീലക്ഷ്‌മി ശ്രീകുമാർ

Wednesday 04 December 2019 4:15 PM IST

മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാർ ഏറെ സന്തോഷത്തിലാണ്. ഇക്കഴിഞ്ഞ മാസമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ഒരു ടെലിവിഷൻ പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് താരം. 2016ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. ഇപ്പോൾ സിനിമയിൽ തുടരാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശ്രീലക്ഷ്മി. കേരള കൗമുദി ആഴ്ചപ്പതിപ്പിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

"സിനിമ ഉപേക്ഷിച്ച് പോയതല്ല. അഭിനയിക്കുന്നതിനേക്കാൾ ടി.വി പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും മറ്റും അവതരിപ്പിക്കുന്നതിലാണ് ഞാൻ കൂടുതൽ കംഫർട്ടബിൾ. ഒന്നുരണ്ടുസിനിമകളിൽ അഭിനയിച്ചപ്പോൾതന്നെ അതുപിടികിട്ടി. ആങ്കറിംഗ് ഇപ്പോഴും ചെയ്യുന്നുണ്ട്".-ശ്രീലക്ഷ്മി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ഡിസംബർ ഈ ലക്കത്തെ കേരള കൗമുദി ആഴ്ചപതിപ്പിൽ വായിക്കാം