സിസ്റ്റർ ലൂസിയുടെ പുസ്തകത്തിന് എതിരായ ഹർജി തള്ളി

Thursday 05 December 2019 12:05 AM IST

കൊച്ചി : സിസ്റ്റർ ലൂസി കളപ്പുരയുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥ പുരോഹിത,കന്യാസ്ത്രീ സമൂഹത്തെയും ക്രിസ്ത്യൻ സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി വിവാദപുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കളമശേരി എസ്.എം.ഐ കോൺവെന്റിലെ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

പൊലീസിൽ പരാതി നൽകുകയോ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ ചെയ്യാതെ ഹർജിക്കാരി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തതെന്ന് സർക്കാർ വിശദീകരിച്ചു. തുടർന്ന് ഇത്തരം മാർഗ്ഗങ്ങളിലൂടെ പരിഹാരം ലഭിക്കാതെ വന്നാലാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നു വ്യക്തമാക്കി സിംഗിൾബെഞ്ച് ഹർജി തള്ളുകയായിരുന്നു.

ക്രൈസ്തവ പുരോഹിതരും കന്യാസ്ത്രീകളും അസാന്മാർഗിക ജീവിതം നയിക്കുന്നവരാണെന്ന് ലൂസിയുടെ പുസ്തകത്തിൽ പറയുന്നുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. പൊതുജീവിതക്രമവും സമൂഹത്തിന്റെ അന്തസും തകർക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ട്. മത വികാരം വ്രണപ്പെടുത്തുന്ന പുസ്തകം നിരോധിക്കണമെന്നും വിപണിയിലുള്ള പുസ്തകം തിരിച്ചുപിടിക്കാൻ നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.