മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ കൊച്ചാപ്പയെ ഒഴിവാക്കും, അൻവറിനെയോ ഷംസീറിനെയോ മന്ത്രിയാക്കേണ്ടി വരും: പരിഹാസവുമായി ജയശങ്കർ

Thursday 05 December 2019 11:21 AM IST

തിരുവനന്തപുരം: എം.ജി, കേരള, സാങ്കേതിക സർവകലാശാലയിലെ മാർക്കുദാനവുമായി ബന്ധപ്പെട്ട് ഗവർണർ വിശദീകരണം തേടിയ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെയും സർക്കാരിനെയും പരിഹസിച്ച് അഭിഭാഷകൻ എ.ജയശങ്കർ രംഗത്ത്. തികച്ചും അർഹരായ എസ്.എഫ്.ഐക്കാർക്ക് മാത്രമാണ് മന്ത്രി മാർക്ക് ദാനം ചെയ്ത് പരീക്ഷ പസാക്കിയതെന്ന് ജയശങ്കർ പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഗവർണർ വിശദീകരണം തേടി; കൊച്ചാപ്പ കുടുങ്ങി എന്നാണ് ബൂർഷ്വാ പത്രങ്ങളും ചാനലുകളും പറയുന്നത്.

ഗവർണറുടെ ഡെപ്പിടി സെക്രട്ടറി ഫയലിൽ എഴുതിയ കുറിപ്പിനു മറുപടി പറയില്ല, ആരിഫ് ഖാൻ നേരിട്ട് ചോദിച്ചാൽ അപ്പോൾ ആലോചിക്കാം എന്നാണ് മന്ത്രിയുടെ നിലപാട്.

വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നിട്ടും കുലുങ്ങാത്തയാളാണ് ജലീൽ കൊച്ചാപ്പ. അദ്ദേഹത്തിന്റെ മനസാക്ഷി ശുദ്ധമാണ്. തികച്ചും അർഹരായ എസ്എഫ്ഐക്കാർക്കാണ് മന്ത്രി മാർക്ക് ദാനം ചെയ്തു പരീക്ഷ പാസാക്കിയത്.

മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ കൊച്ചാപ്പയെ ഒഴിവാക്കുമെന്നാണ് മറ്റൊരു ഗുണ്ട്. ജലീലിനു പകരം അൻവറിനെയോ ഷംസീറിനെയോ മന്ത്രിയാക്കേണ്ടി വരും. അത്രയും സാഹസ ബുദ്ധി ഇരട്ടച്ചങ്കനും കാണുകയില്ല.

മാർക്ക് ദാനം, മഹാദാനം.