വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയായില്ല, അദാനി ഗ്രൂപ്പിന് സർക്കാരിന്റെ നോട്ടീസ്

Thursday 05 December 2019 1:02 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണം എത്രയും പെട്ടെന്ന് തീർക്കണമെന്ന് കാണിച്ച് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചു. നിർമ്മാണ കാലാവധി മൂന്നാം തീയതി അവസാനിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. അടുത്ത മൂന്നുമാസം കഴിഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ.

വിഴിഞ്ഞം തുറമുഖനിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സർക്കാ‌ർ നിലപാടെന്നും വീഴ്ച വരുത്തിയാൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ബൈപ്പാസ് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആയിരം ദിവസങ്ങൾക്കകം കപ്പൽ അടുക്കുമെന്നായിരുന്നു അദാനി പോർട്ട് നൽകിയ വാഗ്ദാനം. ആയിരം ദിനം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയായില്ല. തമിഴ്നാട്ടിൽ നിന്ന് പാറ ലഭിക്കാത്തത് തുറമുഖ നിർമ്മാണത്തിന് ഇടയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തടസങ്ങളൊന്നുമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാമാസവും തുറമുഖ നിർമ്മാണപുരോഗതി വിലയിരുത്തിവരുന്നുണ്ട്. ഈ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. തുറമുഖം സമയബന്ധിതമായി പൂർത്തികരിക്കുന്നതിൽ നിശ്ചയദാർഢ്യത്തോടെയാണ് സർക്കാരിന്റെ പ്രവ‌ർത്തനമെന്നും മന്ത്രി വെളിപ്പെടുത്തി.

അതേസമയം, തുറമുഖനിർമാണം വൈകുന്നതിന്റെ പേരിൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. പ്രകൃതി ദുരന്തങ്ങൾ മൂലമോ നിയമത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമോ പദ്ധതി വൈകിയാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കരാറിലുണ്ടെന്ന് വിഴിഞ്ഞം അദാനി സീപോർട്ട് സി.ഇ.ഒ രാജേഷ് ഝാ പറഞ്ഞു. ഓഖി ചുഴലിക്കാറ്റും പാറമട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ മാറിയതുമാണ് പദ്ധതി വൈകിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.