മുട്ടുകാലിൽ ഇരുത്തിയും ഉടുമുണ്ടഴിച്ചും പരിശോധന
ശബരിമല: കാലം മാറിയെങ്കിലും ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തിലെ ജീവനക്കാരെ പരിശോധിക്കുന്നത് ഇപ്പോഴും പ്രാകൃത സംവിധാനത്തിൽ. കാണിക്ക എണ്ണുന്നിടം വിശുദ്ധമായതിനാൽ ആചാര പ്രകാരം ഉദ്യോഗസ്ഥരടക്കം ഷർട്ട് ധരിക്കാതെയാണെത്തുന്നത്. പക്ഷേ പണം മോഷ്ടിച്ച് ഒളിപ്പിക്കുമെന്നതിനാൽ കാണിക്ക എണ്ണുന്നവർ അടിവസ്ത്രവും ധരിക്കാൻ പാടില്ല.
ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെ ഉടുമുണ്ട് അഴിച്ചും, ഗുഹ്യഭാഗത്ത് പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ മുട്ടുകാലിൽ ഇരുത്തിയുമാണ് പരിശോധന. ദേവസ്വം സെക്യൂരിറ്രി ജീവനക്കാരാണ് പരിശോധകർ. പ്രാകൃതമായ ഇൗ രീതിക്കെതിരെ 2008-ൽ മനുഷ്യാവകാശ കമ്മിഷനിൽ എത്തിയ പരാതിയെ തുടർന്ന് പരിഷ്കൃത സമൂഹത്തിൽ ഇന്നും ഇത്തരം പരിശോധന നടക്കുന്നുണ്ടോ എന്നായിരുന്നു കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി. ദിനകരൻ ചോദിച്ചത്. അടിയന്തരമായി അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഉത്തരവിട്ടു. പ്രവേശന കവാടത്തിൽ സ്‌കാനർ സ്ഥാപിച്ചാൽ പരിശോധന നടത്താനാകുമെന്ന് നിർദ്ദേശിച്ചെങ്കിലും അധികൃതർ ഗൗനിച്ചില്ല. ജീവനക്കാർ സ്‌കാനറിലൂടെ കയറിയിറങ്ങുമ്പോൾ റേഡിയേഷൻ കാരണം ആന്തരികാവയവങ്ങൾ തകരാറിലാകുമെന്നായിരുന്നു അവരുടെ വാദം.
'ഇപ്പോഴത്തെ സാഹചര്യത്തിൽ ശാരീരിക പരിശോധന ഒഴിവാക്കാനാകില്ല. ഭണ്ഡാരത്തിൽ നിന്ന് പുറത്തുപോകുന്നവരെ മനുഷ്യത്വരഹിതമായി പരിശോധിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കാനറുൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും".
- എൻ. വാസു, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്
'പരിശോധനയുടെ മറവിൽ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. പ്രാകൃതമായ പരിശോധനാ രീതി അവസാനിപ്പിക്കണം".
- ജി. ബൈജു, പ്രസിഡന്റ് തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് ഫ്രണ്ട്