ഇത്രയും ശമ്പളമുള്ള ജോലി, അതും ദുബായിൽ കിട്ടിയിട്ട് നിനക്ക് പോകാൻ വയ്യേ എന്ന് എന്നോട് പലരും ചോദിച്ചു

Friday 06 December 2019 1:06 PM IST

മിനി സ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലെത്തിയ താരമാണ് മിഥുൻ രമേശ്. അവതാരകനായെത്തി പ്രേഷകരുടെ മനസിലിടം നേടി. അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെക്കാൾ മിഥുനെ പ്രശസ്തനാക്കിയത് ഒരു ടെലിവിഷൻ ഷോയിലെ അവതാരക വേഷമാണ്. സിനിമാ നടനാകാൻ ആഗ്രഹിച്ച് സീരിയൽ താരവും ഡബിംഗ് ആർടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനുമൊക്കെയായി തിളങ്ങി. ഇപ്പോഴിതാ ദുബായിലെ തന്റെ റേഡിയോ ജോക്കിയായുള്ള വരവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വെട്ടം, റൺവെ എന്നീ ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് തനിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് ആ ജോലിക്ക് പോയതെന്നും മിഥുൻ പറയുന്നു. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മിഥുൻ രമേശിന്റെ വാക്കുകൾ

''വെട്ടവും റൺവെയും ചെയ്തിരിക്കുന്ന സമയത്താണ് എനിക്ക് ഇങ്ങനെയൊരു അവസരം വരുന്നത്. അന്ന് അവിടെ നൈല ഉഷയായിരുന്നു. നൈല ആദ്യമേ തന്നെ കയറിപ്പോയിരുന്നു. അന്ന് ഞാൻ ഒരു ചാനലിൽ ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു. അവിടെ നിന്ന് നൈലയോട് ചോദിച്ചപ്പോഴാണ് എന്റെ പേര് സജസ്റ്റ് ചെയ്തത്. ഞാൻ 'അമ്മ'യുടെ യോഗത്തിൽ ഇരിക്കുമ്പോവാണ് ദുബായിൽ നിന്ന് വിളി വരുന്നത്. സത്യം പറഞ്ഞാൽ ഞാൻ അതിന് ശേഷം അതങ്ങ് വിട്ടു കളഞ്ഞു. ദുബായിലൊന്നും പോകുന്നില്ല. നമുക്ക് സിനിമയാണല്ലോ ലക്ഷ്യം. പിന്നെ അവർ എന്നെ വിളിച്ചിട്ട് കിട്ടാതെ, ഞാൻ ഫോണെടുക്കുന്നില്ലെന്ന് കണ്ടപ്പോൾ അവർ വീട്ടിലേക്ക് വിളിച്ചു. അങ്ങനെ ഇക്കാര്യം അമ്മ കേട്ടു. പിന്നെ ഇത് അമ്മാവൻമാരൊക്കെ അറിഞ്ഞു.

നമ്മുടെ വീട്ടുകാർക്ക് നമ്മളെ കുറിച്ച് ആകുലതകളുണ്ടല്ലോ, സിനിമ എന്നു പറഞ്ഞാൽ ഇപ്പോഴും നമ്മുടെ നാട്ടിൽ എന്താണ് സിറ്റുവേഷൻ, ഒരു പ്രോപ്പർ ജോബല്ല. വരുമാനം വരുമോ എന്നൊക്കെയാണല്ലോ, പിന്നെ സിനിമക്കാർക്ക് പെണ്ണുകൊടുക്കില്ലല്ലോ..അങ്ങനയൊരു സാഹചര്യമുള്ള കാലഘട്ടമാണല്ലോ. അങ്ങനെ ദുബായിൽ ഒരു ജോലി. ഇങ്ങനെ ഒരാൾ വിളിക്കുന്നു. ഇത്രയും ശമ്പളമുണ്ട്. എന്നിട്ടും നിനക്ക് പോകാൻ വയ്യേ...അങ്ങനയൊക്കെ ചോദിച്ചു. അപ്പോൾ ഞാൻ വിചാരിച്ചു. എന്തായാലും പടമിറങ്ങാൻ നിൽക്കുന്നു, സീരിയലിൽ നിന്ന് ബ്രേക്കെടുത്ത് നിൽക്കുന്നു. അങ്ങനെയാണെങ്കിൽ പോയി ചെന്ന് സിനിമയൊക്കെ ഹിറ്രായിട്ട് ഇവിടെ വന്ന് വീണ്ടും സിനിമയിൽ അഭിനയിക്കാം എന്ന ധാരണയിൽ ചെയ്തതാണ്. ആറ് മാസം നിന്നുവരാം എന്ന് പറഞ്ഞ് പോയതാണ്, എന്നാൽ ഇന്ന് 16 വർഷമായി''