ഇങ്ങനെ പറയുന്നവരുടെ മകൾക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം അപ്പോഴേ അതിന്റെ വേദന മനസിലാകൂ: പ്രതികരണവുമായി സൗമ്യയുടെ അമ്മ

Friday 06 December 2019 1:07 PM IST

തൃശൂർ: യുവഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി തൃശൂരിൽ ട്രെയിൻ യാത്രക്കിടെ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സൗമ്യയുടെ അമ്മ. പീഡനക്കേസിലെ പ്രതികൾക്ക് ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും, ഗോവിന്ദ ചാമിക്ക് അങ്ങനൊരു ശിക്ഷ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുകയാണെന്നും അവർ പറഞ്ഞു.

'വെടിവെച്ച് കൊല്ലരുതെന്ന് പറയുന്നവരുടെ മകൾക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം. അപ്പോഴേ അവർക്ക് അതിന്റെ വേദന മനസിലാകൂ. സൗമ്യയുടെ അമ്മ പറഞ്ഞത് സത്യമായിരുന്നുവെന്ന് അന്നേ അവർക്ക് തോന്നുകയുള്ളു. ആർക്കും ഇങ്ങനൊരു സംഭവം ഉണ്ടാകാതിരിക്കട്ടെ. കാരണം ഞാൻ അനുഭവിച്ച വേദന ഇനിയൊരാൾ അനുഭവിക്കരുതേ എന്ന് പ്രാർഥിച്ച് ജീവിക്കുകയാണ്. കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല. ഇവരെയൊക്കെ കൊന്ന് കുഴിച്ചു മൂടണം,​വെടിവച്ചല്ല കഴുത്ത് വെട്ടിക്കൊല്ലണം. ജീവിക്കാൻ ഒരു അർഹതയും ഇല്ല. എന്റെ മകൾ അത്രയും വേദന അനുഭവിച്ചിട്ടും ഇന്നവൻ സുഖമായി അതിന്റെയുള്ളിൽ ജീവിക്കുകയാ'-സൗമ്യയുടെ അമ്മ പറഞ്ഞു.