ഗഗൻയാൻ ഒരുങ്ങുന്നു ; മനുഷ്യപേടക പരീക്ഷണം ജനുവരിയിൽ തുടങ്ങും, ഇറക്കുന്ന പരീക്ഷണം ജനുവരിയിൽ

Saturday 07 December 2019 12:00 AM IST

തിരുവനന്തപുരം:ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ യാഥാർത്ഥ്യമാക്കാനുള്ള അന്തിമ പരീക്ഷണങ്ങൾക്ക് അടുത്തമാസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ തുടക്കമാകും.

മനുഷ്യർ സഞ്ചരിക്കുന്ന പേടകത്തെ തിരിച്ച് ഭൂമിയിൽ ഇറക്കുന്ന പ്രക്രിയയുടെ ഭാഗമായ ഇന്റഗ്രേറ്റഡ് എയർഡ്രോപ്പിംഗ് ടെസ്റ്റ് ആണിത്. ബാംഗ്ളൂർ എച്ച് എ എല്ലിൽ നിർമ്മിച്ച ക്രൂമൊഡ്യൂളാണ് ഇതിന് ഉപയോഗിക്കുന്നത്. പേടകത്തിന്റെ വേഗത നിയന്ത്രിക്കുന്ന റിട്രോഫയറിംഗ്, കടലിൽ ലാൻഡ് ചെയ്യുന്ന സ്‌പളാഷ് ഡൗൺ, പേടകം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടേഷൻ തുടങ്ങിയ പരീക്ഷണങ്ങളും പിന്നാലെ നടക്കും.

ഗഗൻയാൻ വിക്ഷേപണത്തിന്റെ മുന്നൊരുക്കങ്ങൾ ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണെന്ന് ബംഗളുരുവിലെ ഹ്യൂമൻ സ്‌പെയ്സ് ഫ്ളൈറ്റ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻനായർ പറഞ്ഞു. തിരുവനന്തപുരത്തെ വി.എസ്. എസ്. സിയിലാണ് സ്പെയ്സ് സ്യൂട്ട് നിർമ്മിക്കുന്നത്. ബഹിരാകാശ സഞ്ചാരികളാകാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലനം റഷ്യയിൽ തുടങ്ങി.

പരീക്ഷണങ്ങൾ

ഇൻജക്‌ഷൻ, സെപ്പറേഷൻ, റീ എൻട്രി

ഗഗൻയാൻ പേടകം ബഹിരാകാശത്ത് ജി. എസ്. എൽ. വി റോക്കറ്റിൽ നിന്ന് സുരക്ഷിതമായി പുറംതള്ളുന്നതാണ് ഇൻജക്‌ഷൻ.

വേർപെട്ട ഗഗൻയാൻ സ്വതന്ത്രമായി മുന്നോട്ട് പോകുന്നതാണ് സെപ്പറേഷൻ.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത് റീ എൻട്രി.

പാഡ് അബോർട്ട്, താപപ്രതിരോധം, സോഫ്റ്റ് ലാൻഡിംഗ്, തുടങ്ങി നിരവധി ടെസ്റ്റുകൾ അടുത്ത വർഷം

ഇന്റർഗ്രേറ്റഡ് എയർ ഡ്രോപ്പിംഗ് ടെസ്റ്റ്

മനുഷ്യ പേടകം ഹെലികോപ്റ്ററിൽ അഞ്ച് കിലോമീറ്ററിന് മുകളിലെത്തിച്ച് പാരച്യൂട്ടിൽ താഴേക്ക് വിടും

ആകാശത്ത് നിന്ന് നിയന്ത്രിച്ച് ബംഗാൾ ഉൾക്കടലിൽ ഇറക്കും.

താഴുന്നതിന്റെ ഒാരോ ഘട്ടത്തിലെയും മർദ്ദ വ്യതിയാനവും അത് നിയന്ത്രിക്കേണ്ട സാങ്കേതിക വശങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം.

10,000 കോടിയുടെ ഗഗൻയാൻ

മൂന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഇന്ത്യൻ പേടകത്തിൽ ഭൂമിയെ അഞ്ചു മുതൽ ഏഴുദിവസം വരെ വലം വയ്ക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ ഒന്നര മണിക്കൂറിൽ ഒരുതവണയാണ് ഭ്രമണം. പിന്നീട് സുരക്ഷിതമായി തിരിച്ചിറങ്ങും. കരുത്തുറ്റ ജി.എസ്. എൽ. വി. മാർക്ക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം. 10,000 കോടി രൂപയാണ് ചെലവ്.