ഖത്തറിൽ 2.5 കോടി തട്ടിയ കേസ് : മുൻകൂർ ജാമ്യാപേക്ഷ തള്ളി

Saturday 07 December 2019 12:29 AM IST

കൊച്ചി : ഖത്തറിലെ മലയാളിയുടെ കമ്പനിയിൽ നിന്ന് 2.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയെന്ന കേസിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ശ്യാംരാജ് നടരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം. ചോദ്യം ചെയ്തശേഷം മജിസ്ട്രേട്ടിനു മുന്നിൽ പൊലീസ് ഹാജരാക്കണമെന്നും ജാമ്യാപേക്ഷ മജിസ്ട്രേട്ട് പരിഗണിച്ച് തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

എറണാകുളം സ്വദേശിയായ ഫ്രാൻസിസ് ജോർജ്ജ് ഫ്രെഡറിക്കിന്റെ ദോഹയിലെ ഫീൽഡ് ഇൻഡസ്ട്രിയൽ സപ്ളൈസ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു ശ്യാംരാജ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി, ഫോർ സ്റ്റാർ ഏജൻസീസ് എന്ന മറ്റൊരു സ്ഥാപനം മുഖേനയാണ് ഇവർ നൽകുക. ഫോർ സ്റ്റാർ ഏജൻസീസിലെ രണ്ടു ജീവനക്കാരുമായി ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് 2.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

തട്ടിപ്പു നടന്ന കാലയളവിൽ ശ്യാംരാജ് തന്റെയും നാട്ടിലുള്ള അമ്മയുടെയും അക്കൗണ്ടുകളിലേക്ക് 2.4 കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്ന് പരാതിക്കാരൻ പറയുന്നു. ഖത്തർ പൊലീസ് ശ്യാംരാജിന്റെ മൊഴിയെടുത്തെങ്കിലും ഇയാൾ നാട്ടിലേക്ക് കടന്നെന്നും മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. കോടതി നിർദ്ദേശപ്രകാരം ചങ്ങനാശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.