സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ : കമ്മിറ്റി റിപ്പോർട്ട് നൽകി

Saturday 07 December 2019 12:00 AM IST
ENGINEERING COLLEGE STUDENTS

തിരുവനന്തപുരം: പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ശുപാർശ ചെയ്യാൻ സർക്കാർ ചുമതലപ്പെടുത്തിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. മുൻ ജഡ്ജിയും മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ കെ. ശശിധരൻ നായർ കമ്മിറ്റി ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ അംഗവുമാണ്.
പൊതുജനങ്ങളിൽ നിന്ന് കമ്മിറ്റിക്ക് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് തയാറാക്കിയ ചോദ്യാവലി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മുന്നാക്ക സമുദായ സംഘടനകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തുടർന്ന്, സംഘടനകളുമായി ചർച്ചയും നടത്തി. പ്രവേശന പരീക്ഷാ കമ്മീഷണർ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, പബ്ലിക് സർവീസ് കമ്മീഷൻ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച റിപ്പോർട്ടുകളും വിവരങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി നിശ്ചയിച്ചതിന് രൂപീകരിച്ച കമ്മീഷനുകളുടെ റിപ്പോർട്ടുകളും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമകാര്യങ്ങൾ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച മേജർ ജനറൽ എസ്.ആർ. സിൻഹു സമർപ്പിച്ച റിപ്പോർട്ടും സുപ്രീംകോടതിയുടേയും, കേരള ഹൈക്കോടതിയുടേയും ബന്ധപ്പെട്ട വിധി ന്യായങ്ങളും പരിശോധിച്ചിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയും വിശദമായ പഠനം നടത്തിയുമാണ് റിപ്പോർട്ട് തയാറാക്കിയത്‌