ചാനൽ ചർച്ചകൾ കേസുകളെ നയിക്കുന്ന സ്ഥിതി: ജസ്റ്റിസ് കെ.ടി. തോമസ്

Sunday 08 December 2019 12:38 AM IST
പുത്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ജസ്റ്റിസ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചാനൽ ചർച്ചകൾ കേസുകളെ നയിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്​റ്റിസ് കെ. ടി തോമസ് അഭിപ്രായപ്പെട്ടു. മാധ്യമവിചാരണ ശക്തിപ്പെട്ടതിനാൽ വളരെ സൂക്ഷ്മതയോടെ വേണം കേസുകൾ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുമംഗലി ആഡി​റ്റോറിയത്തിൽ പുത്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ തെളിവ് മതിയായിരുന്നു. എന്നാൽ ഇന്നത് പോര. ചാനൽ ചർച്ചകൾക്കുശേഷം ന്യായാധിപനും ചിന്താക്കുഴപ്പത്തിലാകുന്ന സാഹചര്യമാണിന്നുള്ളത്. ഈ കാലഘട്ടത്തിൽ ന്യായാധിപനായിരുന്നെങ്കിൽ താനും മാധ്യമവിചാരണയുടെ ഇരയായേനെയെന്നും കെ .ടി തോമസ് പറഞ്ഞു. മുൻപ് പല കേസുകളിലും കൊലക്കുറ്റം തെളിയിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. എന്നാൽ, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ മുന്നേ​റ്റത്തോടെ ഇത് പെട്ടെന്ന് സാധ്യമാകുന്നു. സുകുമാരക്കുറുപ്പ് കേസിലും രാജീവ് ഗാന്ധി വധക്കേസിലും ഡി.എൻ.എ പരിശോധന നടത്തി തെളിയിച്ചതോടെ പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ഉറപ്പുവരുത്താനായി. എത്രയും കുറച്ച് കേസ് വിസ്താരം നടത്തുന്ന അഭിഭാഷകൻ കേസ് നല്ലപോലെ പഠിച്ച ആളാണെന്നാണ് തന്റെ അനുഭവം. വളരെ കുറച്ച് ക്രോസ് വിസ്താരം നടത്തിയിരുന്ന മികച്ച അഭിഭാഷകനായിരുന്നു പുത്തൂർ ഗോപാലകൃഷ്ണനെന്നും ജസ്​റ്റിസ് കെ. ടി തോമസ് പറഞ്ഞു.
'സന്തുഷ്ട കുടുംബം ഒരു മന:ശാസ്ത്ര അവലോകനം" എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്​റ്റ് ജസ്​റ്റിൻ പടമാടൻ പ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ സ്‌കോളർഷിപ്പ് വിതരണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ശ്രീധർ, പുത്തൂർ ഗോപാലകൃഷ്ണൻ എൻഡോവ്‌മെന്റ് സെക്രട്ടറി കെ. ജി പ്രസന്നരാജൻ എന്നിവർ സംസാരിച്ചു.