ശബരിമലയിൽ ഹൃദായാഘാതം വന്ന 67പേരെ രക്ഷപ്പെടുത്തി

Sunday 08 December 2019 12:12 AM IST

തിരുവ​ന​ന്ത​പുരം: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേർക്ക് ഹൃദ​യാ​ഘാ​ത​മു​ണ്ടാ​യെന്നും ഇതിൽ 67 പേരെയും രക്ഷ​പ്പെ​ടുത്താനാ​യെന്നും മന്ത്രി കെ.​കെ. ശൈലജ അറി​യി​ച്ചു. ഹൃദ​യാ​ഘാതം വന്ന​വ​രിൽ 20 വയ​സു​മു​തൽ 76 വയ​സു​വ​രെ​യുള്ളവരു​ണ്ട്. 584 പേർക്കാണ് അപ​സ്മാരം വന്ന​ത്. കാർഡിയോളജി സെന്ററുകളിൽ മെഡിക്കൽ കോളേജിലെ കാർഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ സഹകരണത്തോടെ കാനന പാതയിൽ മൂന്ന് എമർജൻസി മെഡിക്കൽ കേന്ദ്രങ്ങൾ കൂടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. പമ്പ മുതൽ ശബ​രി​മല വരെ​യുള്ള ദീർഘ​ദൂര കയറ്റം ആരോ​ഗ്യ​മുള്ളവരിൽപോലും വിവിധ ആരോഗ്യ പ്രശ്നങ്ങളു​ണ്ടാ​ക്കുമെന്നതിനാൽ ആരോഗ്യ വകു​പ്പിന്റെ നിർദ്ദേ​ശ​ങ്ങൾ എല്ലാവരും പാലി​ക്ക​ണ​മെന്നും മന്ത്രി പറഞ്ഞു. തീർത്ഥാ​ടന പാത​യിലെ എല്ലാ പ്രധാന സെന്റ​റു​ക​ളിലും കാർഡിയോളജി​സ്റ്റിന്റെ സേവനം ലഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പമ്പ മുതൽ സന്നി​ധാനം വരെ 15 എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിച്ചുവരു​ന്നു. ഹൃദ​യാ​ഘാതം ഉണ്ടാ​യാൽ ഷോക്ക് നൽകി ജീവി​ത​ത്തി​ലേക്ക് തിരി​ച്ചു​കൊ​ണ്ടു​വ​രാ​നുള്ള ഓട്ടോ​മെ​റ്റഡ് ഡിബ്രി​ഫ്രി​ലേ​റ്റർ സംവി​ധാ​നവും ഒരു​ക്കി​യി​ട്ടു​ണ്ട്. ളാഹ മുതൽ പമ്പ വരയും കണമല മുതൽ ഇലവുങ്കൽ വരെയും വാഹനാപകടങ്ങളിൽപ്പെടുന്ന അയ്യപ്പന്മാരുടെ സേവനത്തിനായി രണ്ട്‌ സ്റ്റാഫ് നഴ്സ് ഉൾപ്പെട്ട ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്.