അഴിച്ചുപണിയുമായി പ്രസിഡന്റ് എൻ. വാസു ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ മാറ്രി

Sunday 08 December 2019 1:22 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബാേർഡ് സെക്രട്ടറി എസ്. ജയശ്രീയെ മാറ്രി തിരുവാഭരണം കമ്മിഷണറായി നിയമിച്ചു. നേരത്തെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസറായിരുന്ന എസ്. ഗായത്രി ദേവിയെ പുതിയ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ തസ്തിക കമ്മിഷണറുടെ കേഡറിലേക്കുയർത്തി ഫിനാൻസ് കമ്മിഷണറായി മാറ്റുകയും നേരത്തെ തിരുവാഭരണം കമ്മിഷണറായിരുന്ന ആ‌ർ.ജി. രാധാകൃഷ്ണനെ പുതിയ ഫിനാൻസ് കമ്മിഷണറായി നിയമിക്കുകയും ചെയ്തു.

പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ചുമതലയേറ്രതിന് ശേഷം ഉയർന്ന ഉദ്യോഗസ്ഥരുടെ തലത്തിൽ നടത്തുന്ന ആദ്യത്തെ മാറ്രമാണിത്. ഭരണപരമായ മാറ്രം എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും സെക്രട്ടറിയായിരുന്ന ജയശ്രീയോടുള്ള ബോർഡിന്റെ അതൃപ്തിയാണ് കാരണമെന്നാണ് സൂചന.
അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്ന കരുതൽ ഫണ്ടിലെ തുക പിൻവലിക്കുകയും മരാമത്ത് പണികൾക്ക് ചെലവാക്കുകയും ചെയ്തതിന് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ കോടതിയലക്ഷ്യ നടപടികൾ നേരിടുകയായിരുന്നു. പി.എഫിൽ നിന്ന് തുക പിൻവലിച്ച് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ചു എന്നും ഇവർക്കെതിരെ വിമർശനമുയർന്നിരുന്നു.

ദേവസ്വം ബോർഡിൽ ഇപ്പോൾ ദേവസ്വം കമ്മിഷണറുടേതിന് പുറമെ കമ്മിഷണറുടെ രണ്ട് കേഡർ തസ്തികകളാണ് ഉള്ളത്. നാലു വർഷം മുമ്പുള്ള ഉത്തരവ് പ്രകാരം ദേവസ്വം സെക്രട്ടറിയുടെ തസ്തിക ഡെപ്യൂട്ടി കമ്മിഷണറിൽ നിന്ന് കമ്മിഷണറുടേതിലേക്ക് ഉയർത്തിയിരുന്നു. ഇത് തിരുത്തി വീണ്ടും ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലേക്ക് മാറ്രുകയായിരുന്നു.