മണി ചെയിൻ തട്ടിപ്പ് കയ്പമംഗലം സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

Sunday 08 December 2019 1:24 AM IST

കണ്ണൂർ: മണി ചെയിൻ വഴി ഏഴ് കോടിയോളം രൂപ തട്ടിയെടുത്തയാൾ കണ്ണൂരിൽ പൊലീസിന്റെ പിടിയിലായി. തൃശ്ശൂർ കയ്പമംഗലം സ്വദേശി ചന്ദനപ്പറമ്പിൽ ഷാജി സി. മുഹമ്മദി(48)നെയാണ് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ അറസ്റ്റ് ചെയ്തത്. എച്ച് 2വൈ 2 എന്ന നിയമവിരുദ്ധ പണമിടപാട് കമ്പനിയുടെ ഉടമയാണ് ഷാജി. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്ഥാപനത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിന്റെ ഉടമ കൂടിയാണ് ഇയാൾ. 31, 921 പേർ ഇയാളുടെ തട്ടിപ്പ് പദ്ധതിയിൽ ചേർന്നവരാണ്. ഓരോരുത്തരും 10,000 രൂപ വീതം ഇയാളുടെ അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്. ഓരോരുത്തർക്കും രണ്ട് ലിങ്ക് വീതം കൈമാറി. ഈ രണ്ട് ലിങ്കുകൾ ഓരോരുത്തർക്കും മറ്റുള്ളവർക്ക് കൈമാറാം.

അവർ അടയ്ക്കുന്ന പതിനായിരം വീതമുള്ള തുകയിൽ നിന്ന് 16 ദിവസത്തിനുള്ളിൽ 16000 രൂപ ആദ്യം ചേർന്നയാൾക്ക് കിട്ടുമെന്നാണ് വ്യവസ്ഥ. ഇത് പ്രകാരം 31.92 കോടി രൂപ ഇയാൾക്ക് ലഭിച്ചു. ഇതിൽ 25 കോടിയോളം ഇടപാടുകാർക്ക് തിരിച്ചുനൽകി. ബാക്കി 7 കോടിയോളം രൂപ ഷാജിയുടെ ലാഭമാണ്.

പതിനയ്യായിരത്തോളം പേർക്ക് മുടക്കിയ തുകപോലും മടക്കിനൽകിയില്ല. അങ്ങനെ കിട്ടണമെങ്കിൽ പുതിയ 34000 പേരെ പദ്ധതിയിൽ ചേർക്കണം. അവർക്ക് ലഭിക്കാൻ 68000 പേർ വീണ്ടും വരണം. ഇത് പ്രായോഗികമല്ലെന്ന് തിരിച്ചറിയാത്തവരാണ് തട്ടിപ്പിൽ കുടുങ്ങിയത്. പാലക്കാട്ടും സമാനമായ രീതിയിൽ ഇയാൾക്കെതിരെ കേസുണ്ട്. കണ്ണൂരിൽ പദ്ധതി വ്യാപിപ്പിക്കാൻ എത്തിയതായിരുന്നു ഷാജി. താവക്കരയിലെ ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചുവന്നിരുന്ന ഇയാളെ ലോഡ്ജ് റെയ്ഡ് ചെയ്താണ് പൊലീസ് പിടികൂടിയത്. ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ, ടാബ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.