ഓരോ മിനിട്ടിലും  2.11 കോടി ഡോളർ ലാഭം നേടും, സൗദിയുടെ പണപ്പെട്ടി വീണ്ടും വാർത്തകളിൽ നിറയുന്നു

Sunday 08 December 2019 12:12 PM IST

റിയാദ് : ലോകത്തെ ഏറ്റവുമധികം ലാഭം നേടുന്ന കമ്പനിയായ സൗദി ആരാംകോ വീണ്ടും വാർത്തകളിൽ നിറയുന്നു. സെക്കന്റിൽ പോലും ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന ഈ എണ്ണക്കമ്പനിയുടെ ശുദ്ധീകരണ ശാലയെ ഹൂതി വിമതർ ലക്ഷ്യം വച്ചതും വെറുതെയല്ല. ആരാംകോയെ തകർത്താൽ സൗദിയുടെ നട്ടെല്ല് തകർക്കാനാവുമെന്ന കണക്കു കൂട്ടലിലാണ് ഡ്രോണുപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ പുതു റിക്കാഡാണ് ആരാംകോ സ്വന്തമാക്കിയിരിക്കുന്നത്.

പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (ഐ.പി.ഒ) 2,560 കോടി ഡോളർ (1.83 ലക്ഷം കോടി രൂപ) സമാഹരിച്ച് റിക്കാഡിട്ടതോടെയാണ് ആരാംകോ വാർത്തകളിൽ നിറഞ്ഞത്. ചൈനീസ് ഇകൊമേഴ്സ് സ്ഥാപനമായ ആലിബാബ 2014ൽ സമാഹരിച്ച 2,500 കോടി ഡോളറിന്റെ റെക്കാഡാണ് ആരാംരോ പഴങ്കഥയാക്കിയത്.ഐ.പി.ഒയ്ക്ക് ശേഷം ആരാംകോയുടെ മൂല്യം 1.7 ലക്ഷം കോടി ഡോളർ ആയി ഉയർന്നു. ആപ്പിൾ (1.2 ലക്ഷം കോടി ഡോളർ), മൈക്രോസോഫ്റ്റ് (1.1 ലക്ഷം കോടി ഡോളർ) എന്നിവയേക്കാൾ ബഹുദൂരം അധികമാണിത്. ഓഹരിയൊന്നിന് 8.53 ഡോളർ നിരക്കിൽ ഡിസംബർ 12 മുതൽ റിയാദ് ഓഹരി വിപണിയിൽ ആരാംകോ ഓഹരികളുടെ വ്യാപാരത്തിന് തുടക്കമാകും.

ഓരോ സെക്കന്റിലും ലാഭം

അരാംകോയുടെ കഴിഞ്ഞ വർഷത്തെ ലാഭം 11,110 കോടി ഡോളറായിരുന്നു. പ്രതിദിനം ശരാശരി 30.4 കോടി ഡോളറും മിനിറ്റിൽ 2.11 കോടി ഡോളറും വീതം സൗദി അരാംകോ കഴിഞ്ഞ വർഷം അറ്റാദായം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.