ജോലിക്കിടെ രണ്ടു വനിതാ പൊലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു
കൊച്ചി:ജോലിക്കിടെ റോഡ് മുറിച്ചു കടക്കുമ്പോൾ രണ്ട് വനിതാ പൊലീസുകാരെ നാവികസേനാ ജീവനക്കാരൻ ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചു. സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഹേമചന്ദ്ര, നോർത്ത് സ്‌റ്റേഷനിലെ എലിസബത്ത് ബിനു എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്‌ക്ക് പരിക്കേറ്റ ഹേമചന്ദ്ര സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ എലിസബത്ത് ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. മറൈൻഡ്രൈവിൽ എ.ആർ ക്യാമ്പിന് സമീപം ഇന്നലെ രാവിലെ 11.30 നാണ് സംഭവം.
പിങ്ക് പട്രോളിംഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് ഇരുവരും. വാഹനത്തിൽ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ ഹേമചന്ദ്രയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്‌ക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൂന്നു പല്ലുകളും നഷ്ടപ്പെട്ടു.
നാവികസേന ജീവനക്കാരൻ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.