ശബരിമല: രഹ്നയുടെ ഹർജി വെള്ളിയാഴ്ച കേൾക്കും

Wednesday 11 December 2019 12:00 AM IST

ന്യൂഡൽഹി: ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ റിട്ട് ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.രഹ്ന ഫാത്തിമയുടെ ഹർജിയിൽ അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ നൽകിയ തടസ്സഹർജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. രഹ്നയുടെ ഹർജിയിൽ കക്ഷി ചേരാൻ അരയ സമാജം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം ശബരിമല ദർശനത്തിന് അനുമതി തേടി ബിന്ദു അമ്മിണി നൽകിയ അപേക്ഷ ഇതുവരെ വെള്ളിയാഴ്ചത്തെ കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃപരിശോധനയിലാണ് ബിന്ദു അമ്മിണി അപേക്ഷ ഫയൽ ചെയ്തിരുന്നത്.