നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ ഡിസം.18 ന് പരിശോധിക്കാൻ അനുമതി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ ഡിസംബർ 18 ന് പരിശോധിക്കാൻ ദിലീപിന് വിചാരണക്കോടതി അനുമതി നൽകി. ദിലീപ്, അഭിഭാഷകൻ, ഇവർ ഹാജരാക്കുന്ന സാങ്കേതിക വിദഗ്ദ്ധൻ എന്നിവർക്കാണ് ദൃശ്യങ്ങൾ കാണാൻ അനുമതി നൽകിയത്. ദൃശ്യങ്ങളുടെ പകർപ്പിനായി ദിലീപ് നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അനുമതി നൽകിയിരുന്നു. ഇതനുസരിച്ചാണ് എറണാകുളത്തെ സി.ബി.ഐ കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഡിസംബർ 18ന് സമയം അനുവദിച്ചത്. ദിലീപ് ഹാജരാക്കുന്ന സാങ്കേതിക വിദഗ്ദ്ധന്റെ വിവരങ്ങൾ 16 നകം കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ മൂന്നു വിദഗ്ദ്ധരെ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ദ്ധനെക്കൂടി അനുവദിക്കാനാണ് നിർദ്ദേശമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നു ഒരു സാങ്കേതിക വിദഗ്ദ്ധനെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസിനായി 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യവും വിചാരണക്കോടതി നിരസിച്ചു. എന്നാൽ ഇൗ ദൃശ്യങ്ങൾ അടച്ചിട്ട കോടതിമുറിയിൽ പരിശോധിക്കാൻ കോടതി അനുമതി നൽകി. ലാപ്ടോപ്പ്, മൊബൈൽഫോൺ, സി.സി.ടി.വി ദൃശ്യങ്ങൾ, ഹാർഡ് ഡിസ്കുകൾ എന്നിവയിൽ നിന്നുള്ള തെളിവുകളാണിവ.
വിചാരണ നടപടിക്കായി ഡിസംബർ 16 ന് പരിഗണിക്കും
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവർക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള വിചാരണ നടപടികൾ സ്വീകരിക്കാനായി കേസ് കോടതി ഡിസംബർ 16 നു പരിഗണിക്കും. രഹസ്യ വിചാരണയാക്കിയതിനാൽ അടച്ചിട്ട കോടതി മുറിയിലാകും തുടർന്നുള്ള വിചാരണ നടപടികൾ. കേസിലെ മറ്റുപ്രതികളായ മാർട്ടിൻ, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദിലീപ് അവധി അപേക്ഷ നൽകിയിരുന്നതിനാൽ ഇന്നലെയും ഹാജരായില്ല. മറ്റു മുഴുവൻ പ്രതികളും ഇന്നലെ ഹാജരായി. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെത്തുടർന്ന് പാലായിൽ നിന്ന് പിടികൂടിയ ഒമ്പതാം പ്രതി സനിൽകുമാറിനെയും ഇന്നലെ ഹാജരാക്കി.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയത്. കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.