മൂത്ത മോദിവിരോധി മമതയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ,​ പിണറായി വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കെ. സുരേന്ദ്രൻ

Thursday 12 December 2019 8:48 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യസഭയിൽ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പാർലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യംചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ.