കത്തിക്കയറി വിലക്കയറ്റം; തകർന്നടിഞ്ഞ് വ്യവസായം

Friday 13 December 2019 5:38 AM IST

ന്യൂഡൽഹി: പൊതുജനത്തിനും സാമ്പത്തിക ലോകത്തിനും കേന്ദ്രസർക്കാരിനും ഒരുപോലെ തിരിച്ചടി നൽകി വിലക്കയറ്രത്തിന്റെ സൂചികയായ റീട്ടെയിൽ നാണയപ്പെരുപ്പം നവംബറിൽ മൂന്നുവർഷത്തെ ഉയരമായ 5.54 ശതമാനത്തിലേക്ക് കുതിച്ചുകയറി. ഒക്‌ടോബറിൽ ഇത് 4.62 ശതമാനവും കഴിഞ്ഞവർഷം നവംബറിൽ 2.33 ശതമാനവുമായിരുന്നു.

റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഒക്‌ടോബറിൽ ഇത് പരിധിവിട്ടുയർന്നതിനാൽ ഇക്കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറയ്ക്കാൻ വിസമ്മതിച്ചിരുന്നു. അടുത്തയോഗത്തിലും പലിശ കുറയില്ലെന്ന സൂചനയാണ് നാണയപ്പെരുപ്പത്തിന്റെ കുതിപ്പ് നൽകുന്നത്.

ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി കുതിക്കുന്നതാണ് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകം. ഒക്‌ടോബറിലെ 7.89 ശതമാനത്തിൽ നിന്നുയർന്ന് ഇത് കഴിഞ്ഞമാസം 10.01 ശതമാനത്തിലെത്തി. 2018 നവംബറിൽ ഇത് നെഗറ്റീവ് 2.61 ശതമാനമായിരുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വീണ്ടും ഉറപ്പാക്കി, ഒക്‌ടോബറിൽ വ്യാവസായിക ഉത്‌പാദന (ഐ.ഐ.പി) വളർച്ച നെഗറ്റീവ് 3.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2018 ഒക്‌ടോബറിൽ വളർച്ച പോസിറ്റീവ് 8.4 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാംമാസമാണ് ഉത്‌പാദന വള‌ർച്ച ഇടിയുന്നത്. സെപ്‌തംബറിൽ വളർച്ച മൈനസ് 4.3 ശതമാനമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 8.2 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് ഒക്‌ടോബറിൽ പ്രധാന തിരിച്ചടിയായത്.