ഒമ്പതുകാരിയെ പീഡിപ്പിച്ച യുവാവിന് പത്തുവർഷം കഠിന തടവ്
തൊടുപുഴ: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പത്തുവർഷം വീതം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. വണ്ടിപ്പെരിയാർ മഞ്ചുമല കൈപ്പള്ളിൽ മനോജിനെയാണ് (29) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്.
മാനഭംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും രണ്ടു വകുപ്പുകളിലായി പത്തുവർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാതിരുന്നാൽ ഒരു വർഷം വീതം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ പത്തുവർഷമാണ് ശിക്ഷാകാലാവധി. പിഴയടച്ചാൽ അഗതിമന്ദിരത്തിൽ കഴിയുന്ന പെൺകുട്ടിയ്ക്ക് നൽകണം. 2014 മേയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. വേനലവധിക്ക് അഭകേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിപ്പോഴാണ് പെൺകുട്ടിയെ അമ്മയുടെ സുഹൃത്തായ മനോജ് പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.