അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി കൈകോർക്കുന്നു
തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്തും ഗവേഷണത്തിലും ലോകോത്തര പഠനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയും കൈകോർക്കുന്നു. അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ കരാറുകളിൽ ഒന്നാണിത്. അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയും അരിസോണ യൂണിവേഴ്സിറ്റി പ്രോവോസ്റ്റും അക്കാഡമിക് അഫയേഴ്സ് വൈസ് പ്രസിഡന്റുമായ ഡോ. ലിസെൽ ഫോക്സുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ബിരുദ, ബിരുദാനന്തര തലങ്ങളിൽ വിവിധ വിജ്ഞാനവിഭാഗങ്ങളെ ഉൾപ്പെടുത്തി സവിശേഷമായ കരിക്കുലം രൂപപ്പെടുത്തുന്നതിനും ഇന്റഗ്രേറ്റഡ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ രൂപപ്പെടുത്തുന്നതിനുമായാണ് കരാർ ലക്ഷ്യമിടുന്നത്. എൻജിനിയറിംഗ്, ബയോടെക്‌നോളജി, നാനോടെക്‌നോളജി, സോഷ്യൽ സയൻസ്, മെഡിസിൻ, പബ്ലിക് ഹെൽത്ത്, അഗ്രിക്കൾച്ചർ പഠന വിഷയങ്ങളിലായിരിക്കും കരാർ ഊന്നൽ നൽകുക. അരിസോണ യൂണിവേഴ്സിറ്റിയും അമൃതയും പരസ്പരം വിദേശപഠന കേന്ദ്രങ്ങളായി പ്രവർത്തിക്കും. പ്രതിവർഷം 200 വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം കിട്ടും.