ഉത്തരവ് നൽകാതെ സുപ്രീംകോടതി ശബരിമല:അന്തിമ വിധി യുവതികൾക്ക് അനുകൂലമെങ്കിൽ സുരക്ഷ ഉറപ്പാക്കും
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുന്ന ഏഴംഗ വിശാലബെഞ്ചിന്റെ അന്തിമ വിധി ഹർജിക്കാർക്ക് അനുകൂലമായാൽ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പോകാൻ കഴിയും എന്ന് ഉറപ്പാക്കുമെന്നും നിയമം പാലിക്കാത്തത് ആരായാലും ജയിലിലടയ്‌ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
യുവതീപ്രവേശന വിധി നടപ്പാക്കണമെന്നും ദർശനത്തിന് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് രഹനാ ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജികളിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല എന്നതുപോലെ തന്നെ
പ്രധാനമാണ് ഏഴംഗ വിശാലബെഞ്ചിന് വിട്ടതും എന്ന് ചീഫ്ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
യുവതീപ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്നും കോടതിയുടെ മൗനം രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഹർജിക്കാരായ രഹന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ പ്രതികരണം.
ശബരിമല വിഷയത്തിൽ ആയിരം വർഷങ്ങളായി നിലനിന്ന സ്ഥിതിയാണ് ഇപ്പോൾ. സ്ഥിതിഗതികൾ വൈകാരികമാണ്. കൂടുതൽ സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. യുവതികൾ ശബരിമലയിൽ പോകേണ്ടെന്നോ പ്രാർത്ഥിക്കേണ്ടെന്നോ പറയുന്നില്ല. വിശാലബെഞ്ചിന്റെ അന്തിമ വിധി നിങ്ങൾക്ക് ( യുവതികൾക്ക് ) അനുകൂലമായാൽ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പോകാൻ കഴിയും എന്ന് ഉറപ്പാക്കും. നിയമം പാലിക്കാത്തത് ആരായാലും ഞങ്ങൾ ജയിലിലടയ്‌ക്കും - സുപ്രീംകോടതി പറഞ്ഞു.
ഹർജിക്കാരായ യുവതികൾക്ക് തീർത്ഥാടനവുമായി മുന്നോട്ട് പോകാമോ എന്ന് അവരുടെ അഭിഭാഷകർ ചോദിച്ചു. അവരെ തടയുന്ന ഒരു ഉത്തരവും നൽകുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ മറുപടി. അവർക്ക് സന്തോഷത്തോടെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പറ്റുമെങ്കിൽ ഞങ്ങൾ അവരെ തടയുന്നില്ല. പക്ഷേ ഞങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഏഴംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചാലുടൻ റിവ്യൂ ഹർജികൾ ലിസ്റ്റ് ചെയ്യും. ഏഴംഗ ബെഞ്ചിന് എത്രയും വേഗം ഞാൻ രൂപം നൽകും - അദ്ദേഹം പറഞ്ഞു.
നവംബർ 26ന് ദർശനത്തിന് പോയ ബിന്ദു അമ്മിണിയെ തടയുകയും മുളക് സ്‌പ്രേ ആക്രമണം നടത്തുകയും ചെയ്‌തിരുന്നു. ഇതോടെയാണ് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിയമയും സുപ്രീംകോടതിയെ സമീപിച്ചത്. ഇവർക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ കോളിൻ ഗോൺസാൽവസും ഇന്ദിര ജയ്‌സിംഗും ഹാജരായി.
ജീവന് ഭീഷണിയെങ്കിൽ സുരക്ഷ
ഹർജിക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകർ അറിയിച്ചതോടെ ബിന്ദു അമ്മിണിക്ക് നൽകി വരുന്ന സംരക്ഷണം തുടരുമെന്നും രഹ്‌ന ഫാത്തിമ ആവശ്യപ്പെട്ടാൽ സുരക്ഷ നൽകാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.