ആഢംബരം ഇവിടെ വെച്ച് പൊറുപ്പിക്കില്ല! മകന്റെ വിവാഹത്തിന് ഡി.ജെ പാർട്ടി, കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ
ആലപ്പുഴ: മകന്റെ വിവാഹത്തിന് ഡി.ജെ പാർട്ടി സംഘടിപ്പിച്ച സി.പി.എം നേതാവിനെ സസ്‌പെൻഡ് ചെയ്തു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി മനോഹരനെയാണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ശനിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ഈ മാസം 12നായിരുന്നു മനോഹരന്റെ മകന്റെ വിവാഹം. തൊട്ടടുത്തദിവസം നടന്ന വിവാഹ സൽക്കാരത്തിൽ ഡി.ജെ പാർട്ടി സംഘടിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് ഇതെന്നും, ഇത്തരം ധൂർത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി വിലയിരുത്തി. തുടർന്നായിരുന്നു നടപടിയെടുത്തത്.
പാർട്ടിക്കിടെയിൽ തമ്മിൽത്തല്ല് ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ഇതിന്റെ പേരിൽ ഇന്നലെ സമീപത്തെ ചില വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. അതാണ് മനോഹരനെതിരെ പെട്ടെന്നുള്ള നടപടിക്ക് കാരണം. അതേസമയം വിവാഹ സൽക്കാരം ഒരുക്കിയത് താനല്ല മകനാണ് എന്ന് മനോഹരൻ വിശദീകരണം നൽകിയെങ്കിലും നേതൃത്വം അത് ചെവികൊണ്ടില്ല.