അന്തർ സംസ്ഥാന റൂട്ടുകളിൽ സ്വകാര്യന്മാരുടെ ക്രിസ്മസ് കൊള്ള
നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ചിട്ടും അനങ്ങാതെ സർക്കാർ
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് നാട്ടിലെത്തുന്നവരെ അന്തർസംസ്ഥാന സർവീസ് നടത്തുന്ന ചില സ്വകാര്യബസ് കമ്പനികൾ കൊള്ളയടിക്കുമ്പോൾ, സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുന്നു.
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ ഒരു സ്വകാര്യ സെമിസ്ലീപ്പർ ബസ് ഈടാക്കിയത് സീറ്റൊന്നിന് 3500 രൂപ..സ്ലീപ്പർ സൗകര്യമുള്ള മറ്രൊരു സ്വകാര്യബസ് 1350 രൂപ ഈടാക്കിയപ്പോഴാണിത്. ഈ റൂട്ടിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 1171 രൂപയാണ്.
ഉത്സവ സമയങ്ങളിലും മറ്റും കെ.എസ്.ആർ.ടി.സി ബസുകളെപ്പോലെ ഫ്ളക്സി നിരക്കായി 15% വരെ കൂടുതൽ ഇൗടാക്കാമെന്നാണ് വ്യവസ്ഥ. പക്ഷെ, സ്വകാര്യ ബസുകൾ ഈടാക്കുന്നത് മൂന്നിരട്ടിയിലെറെ തുക. തിരക്കേറിയതോടെ കെ.എസ്.ആർ.ടി.സി നിരക്ക് 1432 രൂപയാക്കിയിരുന്നു. ചില സ്വകാര്യ ബസുകൾ 1000, 1250 രൂപ മാത്രം ഈടാക്കി ഇന്നലെ സർവീസ് നടത്തിയപ്പോഴാണ് ഒരു കമ്പനിയുടെ തീവെട്ടിക്കൊള്ള. . ക്രിസ്മസ് അടുത്തു വരുന്ന ദിവസങ്ങളിൽ മിക്കവാറും ബസുകളിലെ നിരക്ക് 2,500 രൂപയിലേറെയാണ്. ഇന്നലെ ബുക്ക് ചെയ്തപ്പോഴുള്ള വെബ്സൈറ്റിലെ നിരക്കാണിത്. ദിവസം കഴിയുന്തോറും ലഭ്യമാകുന്ന സീറ്റുകൾ കുറയും. നിരക്ക് കൂടും. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും ആനുപാതികമായി കൂടിയ നിരക്കാണ് ഈടാക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില സ്വകാര്യ ബസുകൾ പരസ്യമായി നിരക്ക് വർദ്ധിപ്പിച്ചത് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതാണ്. എന്നാൽ എൻഫോഴ്സ്‌മെന്റുകാരും സ്ക്വാഡും നടപടിയെടുക്കാൻ മുതിർന്നില്ല. കല്ലട ബസിലെ യാത്രക്കാർക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ശക്തമായ പരിശോധന നടത്തിയിരുന്നു. പരിശോധനയും പിഴ ഈടാക്കലും പരിധി വിട്ടപ്പോൾ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ജൂൺ 24 മുതൽ സർവീസ് നിറുത്തിവച്ചു.. ജൂലായ് ഒന്നിന് ഗതാഗത വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചു. സർക്കാരിന്റെ നിർദേശങ്ങൾ മുഴുവൻ പാലിക്കാമെന്ന് അന്ന് ബസുടമകളുടെ സംഘടനാ പ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നതാണ്.
തമിഴ്നാടിന്റെ
ബസ് ആശ്രയം
ഏറ്റവും കുറഞ്ഞ നിരക്കിൽ ബസ് യാത്ര ചെയ്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനെയാണ് ആശ്രയിക്കുന്നത്. 875 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ചാർജ്. എ.സി സെമിസ്ളീപ്പറിൽ 1100 രൂപയും. ജീവനക്കാരുടെ പെരുമാറ്റം കാരണം പഴികേട്ട കല്ലട ബസ് 1000 മുതൽ 1450 രൂപവരെയാണ് ഇപ്പോൾ ഈടാക്കുന്നത്.
''സർക്കാരുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിച്ചാണ് സംഘടനയുമായി ബന്ധപ്പെട്ടവർ ബസ് സർവീസ് നടത്തുന്നത്. 3500 രൂപ ഈടാക്കിയ ബസിന്റെ നടപടി ന്യായീകരിക്കാനാവില്ല. ഈ മേഖലയിലെ മുഴുവൻ പേർക്കും ദോഷമുണ്ടാക്കുന്ന. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണം'.
-മനോജ് പടിക്കൽ,
പ്രസിഡന്റ്, ഇന്റർസ്റ്റേറ്റ് ബസ്
ഓണേഴ്സ് അസോസിയേഷൻ