പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ കയ്യടി കിട്ടും, യു.എ.പി.എക്കെതിരെ ആയാൽ കള്ളക്കേസും കൈവിലങ്ങും: ജോയ് മാത്യു

Monday 16 December 2019 11:44 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. എന്നാൽ യു.എ.പി.എക്കെതിരെ ആയാൽ കള്ളക്കേസും കൈവിലങ്ങും ഉറപ്പാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാൽ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ യു.എ.പി. എ ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയാൽ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ. ഇതിൽ ആരുടെ കൂടെയായിരിക്കണം നമ്മൾ?- ജോയ് മാത്യു ചോദിക്കുന്നു.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിയ സർവകലാശാലയിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പൊലീസ് നടപടിക്കെതിരെ വിദ്യാർഥികളും നാട്ടുകാരും രാവിലെ തന്നെ പ്രതിഷേധം തുടങ്ങി. പൊലീസ് വേട്ടയിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ഉണങ്ങാത്ത മുറിവുകളുമായി തെരുവിലിറങ്ങി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അദ്ധ്യാപകരു‌മെത്തി.