ഞാൻ തന്നെ ആ മലയാളി, എന്റെ അമ്മച്ചിയാണെ സത്യം ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും, നെഞ്ചുറപ്പുള്ള മലയാളിയാടാ പറയുന്നേ

Wednesday 18 December 2019 1:09 PM IST

തിരുവനന്തപുരം: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെ കണ്ടെത്താൻ തീഹാർ ജയിലിലെ അധികൃതർക്ക് സാധിച്ചില്ല എന്ന വാർത്ത പരന്നിരുന്നു. വധശിക്ഷ താരതമ്യേന കുറവായതിനാൽ പൊതുവേ ഇന്ത്യയിൽ ആരാച്ചാർമാരുടെ ആവശ്യം വിരളമായിരുന്നു. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള കയർ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങൾ തയാറായിട്ട് പോലും ആരാച്ചാരെ മാത്രം ഇതുവരെ കിട്ടിയിട്ടില്ല.

എന്നാൽ നിരവധി പേർ ആ ജോലി സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് തീഹാർ ജയിലിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ മലയാളികളുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ മലയാളി താനാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു ഐ.ടി കമ്പനിയിലെ സോഫ്‌റ്റ്‌വെയർ ടെസ്റ്റർ റെയ്മണ്ട് റോബ്ലിൻ ഡോൺസ്റ്റൺ ഫേസ്ബുക്ക് കുറിപ്പിലൂടെ എത്തിയിരിക്കുകയാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്,​തീഹാർ ജയിൽ ഡിജി എന്നിവർക്ക് മെയിൽ വഴിയാണ് പ്രതികളെ തൂക്കിലേറ്റാൻ റെയ്മണ്ട് അപേക്ഷ നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആരായിരിക്കും ആ മലയാളി എന്ന് രാവിലെ ചായയും കുടിച്ചു പത്രവും വായിച്ചോണ്ട് ഇരുന്നു തല പുകയണ്ട...ഞാൻ തന്നെ ആ മലയാളി...
എനിക്ക് ഒരു അവസരം തന്നാൽ ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും...
എന്റെ അമ്മച്ചിയാണേ സത്യം...അഭിമാനപൂർവം...നെഞ്ചുറപ്പോടെ...
മലയാളിയാടാ പറയുന്നേ.....