പൗരത്വ ഭേദഗതി: കേരളവർമ്മയിൽ എ.ബി.വി.പി പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി എസ്.എഫ്.ഐ
തൃശൂർ: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് തൃശൂർ കേരളവർമ്മ കോളേജിൽ സംഘർഷം. ബില്ലിനെ അനുകൂലിച്ച് സെമിനാർ നടത്താൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ ക്ലാസ്സ് മുറിയിലും വരാന്തയിലും വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു . മൂന്ന് വിദ്യാർത്ഥികളെ ഗുരുതരാവസ്ഥയിൽ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ്, ആരോമൽ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
രണ്ട് ദിവസം മുൻപാണ് പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സെമിനാർ നടത്താൻ എബിവിപി ശ്രമിച്ചത്. എന്നാൽ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ഒരു പരിപാടിയും ക്യാംപസിൽ നടത്താൻ എസ്എഫ്‌ഐ അനുവദിച്ചില്ല. സെമിനാർ അവതരിപ്പിക്കാൻ വന്ന മുഖ്യാതിഥി ടി.ആർ രമേശിനെ ക്യാംപസിൽ കയറ്റാതെ എസ്എഫ്‌ഐ തടഞ്ഞ് വച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൊലിസ് ഇടപെട്ട് സെമിനാർ തത്ക്കാലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇന്ന് എബിവിപി - എസ്എഫ്‌ഐ സംഘർഷത്തിന് കാരണമായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലയിൽ വിദ്ധ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ണൂർ മമ്പറം ഇന്ദിര ഗാന്ധി കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ സമരം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.