മായം കലർത്തിയ മീൻ വീണ്ടും, തിരുവനന്തപുരത്ത് ഫോർമാലിൻ കലർത്തിയ രണ്ടരടൺ മത്സ്യം പിടിച്ചു

Thursday 19 December 2019 12:45 PM IST

തിരുവനന്തപുരം: മൃതദേഹം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ കലർത്തിയ രണ്ടര ടൺ മത്സ്യം നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ ഓപ്പറേഷൻ ഈഗിൾ ഐ സ്ക്വാഡ് പിടിച്ചു. ഇന്ന് പുലർച്ചെ പട്ടത്ത് വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്ട്രേഷൻ ലോറിയിൽ 95 പെട്ടികളിലായി നിറച്ച് കൊണ്ടുവന്ന നവര മത്സ്യം പിടികൂടിയത്. സ്ക്വാഡിന്റെ പക്കലുണ്ടായിരുന്ന ഫോർമാലിൻ ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഈഗിൾ ഐ സ്ക്വാഡ് ചോദ്യം ചെയ്തു. പാങ്ങോട് മാർക്കറ്റിൽ വിൽപ്പനയ്ക്കായി മംഗലാപുരത്ത് നിന്ന് രണ്ട് ദിവസം മുമ്പ് കയറ്റിവിട്ട മത്സ്യമാണ് ഇതെന്ന് ഇവർ വെളിപ്പെടുത്തി.

ക്രിസ്മസിനോട് അനുബന്ധിച്ച് നഗരത്തിലെ മാർക്കറ്റുകളിലും ഹോട്ടലുകളിലും ബേക്കറികളും നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് മാർക്കറ്റുകളിലെത്തിക്കാൻ കൊണ്ടുവന്ന മത്സ്യവും പരിശോധിച്ചത്. ഇൻസുലേറ്റ‌ഡ് വാനായിരുന്നെങ്കിലും ഫ്രീസർ സംവിധാനം ഉണ്ടായിരുന്നില്ല. ഫോർമാലിനും ഐസും കലർത്തി മത്സ്യം പ്ളാസ്റ്റിക് ബോക്സുകളിൽ നിറയ്ക്കുകയായിരുന്നുവെന്നാണ് നിഗമനം.

പിടികൂടിയ മത്സ്യം വാഹനം സഹിതം നഗരസഭാ ഓഫീസിലേക്ക് മാറ്റി. മത്സ്യം കുഴിച്ചുമൂടുമെന്ന് നഗരസഭാ ജീവനക്കാർ അറിയിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത്ത് സുധാകരൻ, ഷാജി.കെ നായർ. മീനു.എസ്.എസ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജി, രാജേഷ് എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്. ഈഗിൾ ഐ സ്ക്വാഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നും 100 കിലോ പ്ളാസ്റ്റിക്ക് പിടിരുന്നു. റെയ്ഡിനിടെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും വാക്കി ടോക്കി തട്ടിയെടുക്കുകയും ചെയ്ത ഹോട്ടലുടമയ്ക്കെതിരെ നഗരസഭ പൊലീസിൽ പരാതി നൽകുകയും ഹോട്ടൽ നഗരസഭ അടച്ചുപൂട്ടുകയും ചെയ്തു.