തലസ്ഥാനത്ത് ബസ് പോർട്ടിന് കേന്ദ്രാനുമതി, പദ്ധതി നടപ്പാകുന്നത് ഈഞ്ചയ്ക്കലിൽ

Friday 20 December 2019 12:41 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ പദ്ധതിയായ ബസ് പോർട്ട് തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിൽ . ദക്ഷിണേന്ത്യയിൽ ഈഞ്ചയ്ക്കലിന് പുറമെ തമിഴ്നാട്ടിലെ സേലത്തും ബസ് പോർട്ടിന് കേന്ദ്രാനുമതി ലഭിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരട് രേഖ സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് നേരത്തേ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേരളം ഈഞ്ചയ്ക്കലിനു പുറമെ കോഴിക്കോട് മലാപറമ്പും തമിഴ്നാട് സേലത്തിനു പുറമെ മധുരയും ഇതിനായി കണ്ടെത്തിയിരുന്നു.

ഈഞ്ചയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ സ്ഥലത്താണ് നിർദ്ദിഷ്ട ബസ് പോർട്ട്

കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമെ, സ്വകാര്യ ബസുകൾ, ടാക്സി കാറുകൾ,ആട്ടോറിക്ഷകൾ,​ ട്രാവലറുകൾ എന്നിവയ്ക്കും ഇവിടെ സ്ഥലം ഒരുങ്ങും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ജലപാത എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ പാതകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാവും. നിർമ്മാണച്ചെലവിന്റെ 40 ശതമാനം കേന്ദ്രസർക്കാർ വഹിക്കും. ബാക്കി 60 ശതമാനം തുക പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ കണ്ടെത്തും. ഇവിടെ കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള അഞ്ചര ഏക്കർ ഭൂമി ബസ് പോർട്ടിനായി സർക്കാർ കൈമാറും.

സൗകര്യങ്ങൾ:

വിമാനത്താവളത്തിലെന്ന പോലെ ആധുനിക സംവിധാനങ്ങളും എല്ലാ വിഭാഗം വാഹനങ്ങളേയും ഉൾക്കൊള്ളാൻ സൗകര്യവുമുള്ള ടെർമിനൽ

എ.സി കാത്തിരിപ്പ് മുറികൾ,​ ഇന്റർനെറ്റ് ,​ ചെറു ഷോപ്പിംഗ് മാൾ,​ കുട്ടികൾക്ക് കളി സ്ഥലം,​ ഫുഡ് കോർട്ട്,​ ബസുകളുടെ സമയ വിവരം കാണിക്കുന്ന ഡൈനാമിക് ഡിസ്‌പ്ളേ ബോർഡുകൾ.

സാമീപ്യം :

പേട്ട റെയിൽവെ സ്റ്റേഷൻ- 2.9 കി.മീ

വള്ളക്കടവ് ദേശീയ ജലപാത സ്റ്റേഷൻ - 1.1 കി.മീ

അന്തർദ്ദേശീയ എയർപോർട്ട് ടെർമിനൽ - 2.6 കി.മീ

കഴക്കൂട്ടം-കോവളം ബൈപ്പാസ്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ,ടൂറിസം കേന്ദ്രങ്ങളായ കോവളം ശംഖുംമുഖം,​ വേളി,​ ആക്കുളം