വിനോദയാത്രയ്ക്ക് വയനാട്ടിലെത്തിയ സംഘത്തിലെ മൂന്ന് യുവാക്കൾ ചുളുക്കപ്പുഴയിൽ മുങ്ങിമരിച്ചു മരിച്ചത് ആലപ്പുഴ വെള്ളരിക്കൽ സ്വദേശികൾ
കൽപ്പറ്റ: ആലപ്പുഴയിൽ നിന്ന് വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘത്തിലെ മൂന്ന് യുവാക്കൾ ചുളുക്കപ്പുഴയിൽ മുങ്ങിമരിച്ചു. ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, വെള്ളരിക്കൽ സ്വദേശികളായ പുത്തൻപറമ്പിൽ നിധിൻ (23), തീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), ബിജിലാൽ (20) എന്നിവരാണ് മരിച്ചത്.
കൂട്ടുകാരായ ആദർശ്, സന്ദീപ്, ആദർശ് എന്നിവരോടൊപ്പമാണ് ഇവർ വയനാട്ടിലെത്തിയത്. മേപ്പാടി പഞ്ചായത്തിലെ ചുളുക്കപ്പുഴയിൽ പൊൻകുണ്ടിൽ ഇന്നലെ പകൽ മൂന്നോടെയാണ് അപകടം. ചെമ്പ്രപീക്ക് കാണാനെത്തിയ സംഘം അവിടെ അടച്ചതിനാൽ തിരിച്ച് ചൂരൽമല ഭാഗത്തേക്ക് പോകുന്നതിനിടെ പുഴയിലിറങ്ങുകയായിരുന്നു. അപകടം നിറഞ്ഞ പാറക്കൂട്ടമുള്ള ഭാഗത്താണ് ഇറങ്ങിയത്. ജനവാസവും കുറവാണിവിടെ.
പുഴയിലിറങ്ങുന്നതിനിടെ നിധിൻ പാറയിൽ നിന്ന് തെന്നിവീണു. നിധിനെ രക്ഷിക്കാനായി ജിതിനും ബിജിലാലും പുഴയിൽ ചാടി. മുകളിൽനിന്ന് വെള്ളം പതിക്കുന്നതിനാൽ ഒന്നരയാൾപ്പൊക്കത്തിൽ വെള്ളമുണ്ടിവിടെ. മൂവരും മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവർ ആഴമില്ലാത്ത ഭാഗത്തുനിന്ന് കുളിച്ച് കരയ്ക്കിരിക്കുന്ന സമയത്താണ് സംഭവം. ഭയന്നുപോയ കൂട്ടുകാർ കുറച്ചകലെയുള്ള തോട്ടം തൊഴിലാളികളെ വിവരം അറിയിച്ചു. അവരെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. സഹദ്, വാർഡ് മെമ്പർ കെ. പി. യൂനസ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഘം ബിജിലാലിന്റ ബന്ധുവിന്റെ കാറിൽ ആലപ്പുഴയിൽ നിന്ന് തിരിച്ചത്. രാത്രി എറണാകുളത്ത് തങ്ങിയ ഇവർ രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വയനാട്ടിലെത്തിയത്. വ്യാഴാഴ്ച വയനാട്ടിൽ തങ്ങി വെള്ളിയാഴ്ച മടങ്ങാനായിരുന്നു പദ്ധതി.
സർവേ കോഴ്സ് കഴിഞ്ഞ നിധിൻ പുത്തൻ പറമ്പിൽ ധനേശന്റെയും സുശീലയുടെയും മകനാണ്. സഹോദരൻ: വിപിൻ. ഹരിപ്പാട് മുത്തൂറ്റിലെ ജീവനക്കാരനായ ജിതിൻ തീക്കാട്ടിൽ കാർത്തികേയന്റെയും ജയയുടെയും മകനാണ്. വെള്ളരിക്കൽ ബിനുവിന്റെ മകനാണ് ഐ.ടി.ഐ കഴിഞ്ഞ ബിജിലാൽ.