പൗരത്വ നിയമം , എതിർപ്പുമായി നവീൻ പട്നായിക്, ഒഡിഷയിൽ നടപ്പാക്കില്ല
ഭുവനേശ്വർ: പൗരത്വ നിയമം വിദേശികളെ മാത്രം ബാധിക്കുന്നതാണെന്നും അത് ഒഡിഷയിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി. ലോക്‌സഭയിൽ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബി.ജെ.ഡി) വോട്ട് ചെയ്തിരുന്നു. ഇതോടെ മമത ബാനർജി, ക്യാപ്ടൻ അമരീന്ദർ സിംഗ് (പഞ്ചാബ്), പിണറായി വിജയൻ (കേരളം), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്), കമൽനാഥ് (മദ്ധ്യപ്രദേശ്), അശോക് ഗെലോട്ട് (രാജസ്ഥാൻ), അരവിന്ദ് കേജ്‌രിവാൾ ( ഡെൽഹി ) എന്നിവർക്ക് പിന്നാലെ, പൗരത്വ നിയമത്തോട് എതിർപ്പ് പ്രകടിപ്പിച്ച എട്ടാമത്തെ മുഖ്യമന്ത്രിയായി നവീൻ പട്നായിക്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രാജ്യവ്യാപക എൻ.ആർ.സിയിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
'പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും ഇന്ത്യക്കാരെ ബാധിക്കുന്നതല്ല, അത് വിദേശികളെ മാത്രം ബാധിക്കുന്നതാണ്. ഞങ്ങൾ ദേശീയ പൗരത്വ പട്ടികയെ അംഗീകരിക്കുന്നില്ല' എന്ന് ബിജു ജനതാദൾ എം.പിമാർ ലോക്സഭയിലും രാജ്യസഭയിലും വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും നവീൻ പട്നായിക് അഭ്യർത്ഥിച്ചു. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടി.ആർ.എസ്) പൗരത്വ പട്ടികയിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
എൻ.ആർ.സി രേഖകളില്ലാത്ത സാധാരണക്കാരെ ദ്രോഹിക്കാൻ സാദ്ധ്യതയുണ്ട്. എന്റെ ജനന സർട്ടിഫിക്കറ്റ് എന്റെ കൈയിലില്ല. അതുകൊണ്ട് എനിക്ക് പൗരത്വം തെളിയിക്കാൻ കഴിഞ്ഞേക്കില്ല പുരിയിൽ നിന്നുള്ള ബി.ജെ.ഡി എം.പി പിനാകി മിശ്ര പറഞ്ഞു.
രാജ്യവ്യാപക എൻ.ആർ.സിയെ അനുകൂലിക്കുന്നില്ലെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയും പാർലമെന്റിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച പാർട്ടിയുമായ ജെ.ഡി.യുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.