പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ: നിരോധനാജ്ഞ ലംഘിച്ച് സമരസമിതി മാർച്ച്, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
കൊച്ചി: പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ നിർമ്മാണസ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിലധികം പേരാണ് മാർച്ചിൽ പങ്കെടുത്തത്.നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
പൊലീസ് മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പ്രതിഷേധക്കാരുടെ മാർച്ച്. നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞ രണ്ടര വർഷമായി നിർത്തിവെച്ച എൽ.പി.ജി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഞായറാഴ്ച രാത്രി സമരക്കാർ അറിയാതെ പൊലീസിനെ വിന്യസിച്ചാണ് വീണ്ടും ആരംഭിച്ചത്.
ടെർമിനൽ നിർമ്മാണം വീണ്ടും തുടങ്ങിയതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷ കർശനമാക്കിയിരുന്നു. കൂടാതെ കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 11 വാർഡുകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന പ്രതിഷേധം അക്രമത്തിലും പൊലീസ് ലാത്തിചാർജിലും കലാശിച്ചിരുന്നു.
പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ പദ്ധതിയുടെ 45 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. പുതുവൈപ്പ് നിവാസികളുമായി ഒത്തുതീർപ്പിലെത്താൻ സംസ്ഥാന സർക്കാരിനോ ഇന്ത്യൻ ഓയിൽ കോർപ്പറേഷനോ ഇതുവരെ സാധിച്ചിട്ടില്ല.