എം.ജി മാർക്കു ദാനം ,​ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടവർക്ക് ഗവർണറെ സമീപിക്കാം

Sunday 22 December 2019 12:06 AM IST

കോട്ടയം: മാർക്കു ദാനം വഴി ബി ടെക് പരീക്ഷ ജയിച്ചവരുടെ ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കിയ എം.ജി സർവകലാശാലയുടെ നടപടിയിൽ ചാൻസലറായ ഗവർണർ ഇടപെട്ടു. സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പരാതിയുണ്ടെങ്കിൽ ഗവർണറെ സമീപിക്കാമെന്ന് രാജ്ഭവൻ വ്യക്തമാക്കി. ഇത് സംബസിച്ച് വിദ്യാർത്ഥികൾക്ക് മെമ്മോ നൽകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയ്ക്ക് ഉത്തരവ് നൽകി.നടപടിക്രമങ്ങൾ പൂർണമായി പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് ഗവർണറുടെ നടപടി. ബി ടെക് സപ്ലിമെന്ററി പരീക്ഷയിൽ അഞ്ച് മാർക്ക് കൂട്ടിയിട്ട് 118 വിദ്യാർത്ഥികളെ ജയിപ്പിച്ച നടപടി വിവാദമായതോടെയാണ് ഇവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സിൻഡിക്കേറ്റ് റദ്ദാക്കിയത്. ചട്ടം ലംഘിച്ചായിരുന്നു സർവകലാശാലാ നടപടികൾ. ഇത് ചോദ്യം ചെയ്തു വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ ഇടപെടൽ.പരീക്ഷാഫലം റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ 18 വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്‌ഷൻ കൗൺസിലും രൂപീകരിച്ചു. മറ്റു വിദ്യാർത്ഥികളും കേസിൽ കക്ഷി ചേരുകയാണ്.സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പരീക്ഷാ കൺട്രോളർ മെമ്മോ അയച്ചു തുടങ്ങി. മെമ്മോ ലഭിച്ച്‌ പതിനഞ്ച് ദിവസത്തിനകം ചാൻസലറായ ഗവർണർക്ക് പരാതി എഴുതി നൽകാനാണ് നിർദ്ദേശം.