കല്ലേറുകാരുടെ റൂട്ടിലോടാൻ ഇനി കെ.എസ്.ആർ.ടി.സി ഇല്ല
തിരുവനന്തപുരം: ഹർത്താൽ- സമര ദിനങ്ങളിൽ കെ.എസ്.ആർ.ടി.സിക്കു നേരെ കല്ലെടുക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ആ റൂട്ടിൽ അടുത്ത ദിവസം മുതൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാരെ ശിക്ഷിക്കാനല്ല കെ.എസ്.ആർ.ടി.സിയുടെ സർവീസ് റദ്ദാക്കൽ നടപടി- നിവൃത്തിയില്ലാഞ്ഞാണ്. കാരണം, പകരം വിടാൻ ബസില്ല!
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കഴിഞ്ഞ 17നു നടന്ന ഹർത്താലിൽ 21 ബസുകൾക്കാണ് കല്ലേറിൽ പരിക്കേറ്റത്.
ഇതിൽ പതിനെട്ടും തിരുവനന്തപുരം മേഖലയുടേത്. ചില്ലു തകർന്നവയും അല്ലാത്ത കേടുപാടുകൾ പറ്റിയവയുമുണ്ട്. എല്ലാം വർക്ക്ഷോപ്പിലായി. 25 ലക്ഷം രൂപയുണ്ടെങ്കിൽ അറ്റകുറ്റപ്പണി നടത്താം. തത്കാലം ഈ ഇനത്തിൽ അത്രയും പണം ചെലവാക്കാനില്ല. നല്ല വരുമാനമുള്ള സർവീസുകളാണ് ഇങ്ങനെ നിർത്തലാക്കേണ്ടി വരുന്നത്. വരുമാനം കുറഞ്ഞ റൂട്ടുകളിലെ ബസുകൾ ഇത്തരം റൂട്ടിലേക്ക് വഴിമാറ്റി ഇടാറുണ്ടെങ്കിലും ഇക്കുറി അതുണ്ടാകില്ല. കല്ലേറുകാരുടെ ആവേശം കാരണമുള്ള ദുരിതം ട്രാൻസ്പോർട്ട് ബസിലെ സ്ഥിരം യാത്രക്കാർക്കെന്ന് സാരം.
രാവിലെ ആറിന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് ഒമ്പതിന് കോഴിക്കോട്ടെത്തിയിരുന്ന സർവീസ് നിറുത്തിയതിന് എതിരെ യാത്രക്കാർ മേഖലാ ഓഫീസിൽ പരാതിപ്പെട്ടിട്ടുണ്ട്. തേറ്റമലയിലായിരുന്നു ഈ ബസിനു നേരെ ഹർത്താൽ അനുകൂലികളുടെ കല്ലേറ്. മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള രോഗികൾ ഉൾപ്പെടെ നൂറുകണക്കിനു പേർക്ക് ആശ്രയമായിരുന്നു ഈ ബസ്. കല്ലേറുകാർ അതൊന്നും ഓർത്തില്ലല്ലോ.