കൊല്ലത്ത് ദമ്പതികൾക്കുനേരെ "സദാചാര" ഗുണ്ടായിസം, മൂന്നുപേർ അറസ്റ്റിൽ

Wednesday 25 December 2019 10:00 AM IST

കൊല്ലം: കാവനാട്ട് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. വഴിമധ്യേ കാര്‍ കേടായി. ഇത് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവാവിന് നേരെ ചോദ്യങ്ങളുമായി അഞ്ചംഗ സംഘം എത്തിയതെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്ത സംഘം സ്ത്രീയെ കടന്നു പിടിച്ചതായി മൊഴിയിൽ പറയുന്നു. കാറിൽ സ്ത്രീയുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്നും ദമ്പതികൾ നൽകിയ മൊഴിയിലുണ്ട്.