ആരാധനാലയങ്ങളുടെ അധിക ഭൂമി ഏറ്റെടുക്കൽ ഇപ്പോഴില്ല,​ ഉടൻ നടപ്പാക്കുക ഒരേക്കർ പതിച്ചു നൽകൽ മാത്രം

Sunday 29 December 2019 9:53 PM IST

തിരുവനന്തപുരം: ആരാധനാലയങ്ങളും ശ്മശാനങ്ങളും രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ ഒരേക്കർ വരെ പതിച്ചു നൽകുമെങ്കിലും അധികഭൂമി ഏറ്റെടുക്കൽ ഇപ്പോൾ വേണ്ടെന്ന് തീരുമാനം. ഭൂമി ഏറ്രെടുക്കാനുള്ള നടപടി തുടങ്ങിയാൽ മതസംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുവരുമോ എന്ന ആശങ്കയാണ് മുൻ തീരുമാനം മാറ്രാൻ ഇടയാക്കിയത്.ഇത സംബന്ധിച്ച കുറിപ്പ് മൂന്ന് മന്ത്രിസഭാ യോഗങ്ങൾ പരിഗണിച്ചിരുന്നു.

ഒരേക്കർ ഭൂമി നിശ്ചിത തുക വാങ്ങി പതിച്ചു നൽകുന്നതോടൊപ്പം അധിക ഭൂമി ഏറ്രെടുക്കുകയോ അവയ്ക്ക് വിപണി വില ഈടാക്കുകയോ ചെയ്യാമെന്നായിരുന്നു ഇതിൽ റവന്യൂ മന്ത്രിയുടെ നിർദ്ദേശം. ഇതിനായി ഒരു ഉദ്യോഗസ്ഥ തല കമ്മിറ്രി രൂപീകരിച്ച ശേഷം ഒന്നുകിൽ ഒരേക്കറിൽ അധികം വരുന്ന ഭൂമി തിരിച്ചുപിടിക്കുകയോ വിപണി വില ഈടാക്കി പതിച്ചു നൽകുകയോ നിയമാനുസൃതം പാട്ടത്തിന് നൽകുകയോ ചെയ്യാമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിനായി തയ്യാറാക്കിയ കുറിപ്പിലുണ്ടായിരുന്നത്. ഇതിൽ വ്യക്തത വേണമെന്ന് ചില മന്ത്രിമാർ ആവശ്യമുന്നയിച്ചതിനെ തുടർന്ന് കുറിപ്പ് വിശദമായി പഠിക്കാൻ അവസരം നൽകി തീരുമാനം കഴിഞ്ഞ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ഇൗ മന്ത്രിസഭായോഗത്തിലാണ് അധികഭൂമി ഏറ്റെടുക്കൽ ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചത്. നാലേക്കർ രേഖകളില്ലാതെ ഒരു ആരാധനാലയം കൈവശം വച്ചാൽ അതിൽ ഒരേക്കർ മാത്രം പതിച്ചു നൽകിയാൽ ബാക്കി മൂന്നേക്കർ എന്തുചെയ്യുമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. പതിച്ചു നൽകിയ ഭൂമി മാത്രം വേർതിരിച്ചു കാണിക്കുമോ എന്നും വ്യക്തമല്ല. ആരാധനാലയങ്ങളും മറ്രും കൈവശം വച്ച ഭൂമി പതിച്ചു നൽകാനായി 2005 മുതൽ നിരവധി അപേക്ഷകളാണ് സർക്കാരിൽ കെട്ടിക്കിടക്കുന്നത്.