കലാമിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പിയാണെന്ന് ഓർക്കണം, ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചത്: ഒ.രാജഗോപാൽ
തിരുവനന്തപുരം: നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്തെത്തി. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാകരുത് പൗരത്വ നിയമ ഭേദഗതി പോലെ രാഷ്ട്ര സംബന്ധമായ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അല്ലാതെ രാജ്യത്തിന്റെ നന്മയ്ക്കല്ലെന്നും ഒ.രാജഗോപാൽ പറഞ്ഞു. ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചത്. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്. രാഷ്ട്രീയത്തിലെ താൽക്കാലിക ലാഭം നോക്കി ചിലർ അർധ സത്യങ്ങൾ പറയാറുണ്ട്. പക്ഷേ രാഷ്ട്രത്തിന്റെ കാര്യത്തിൽ ഗൗരവമായി ചിന്തിക്കണം. ഇന്നമതക്കാരേ രാജ്യത്ത് പാടുള്ളൂ എന്ന് ആരും പറഞ്ഞിട്ടില്ല.
ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമം മുസ്‌ലിംങ്ങൾക്ക് എതിരാണെന്നാണ് പ്രചാരണം. അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പിയാണെന്ന് ഈ വിമർശകർ ഓർക്കണം. ജാതിക്കും മതത്തിനും അതീതമായി നാട്ടിൽ ജീവിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം പൗരൻമാരാണ്. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ഭരണപക്ഷവും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.