ഗുരു കാട്ടിയ വഴിയേ പോയാൽ ഭാരതം മുന്നേറും: ജസ്റ്റിസ് സി.ടി. രവികുമാർ

Wednesday 01 January 2020 12:18 AM IST

ശിവഗിരി: ഗുരുദേവ ദർശനം ഉൾക്കൊണ്ട് രാജ്യത്തെ പൗരന്മാർ മുന്നോട്ടുപോയാൽ ഭാരതം മറ്റേതു രാജ്യത്തെക്കാളും മുന്നിൽ എത്തുമെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു രാജ്യത്തിന്റെയും അഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അടിസ്ഥാനം പൗരബോധമുള്ള ജനതയാണ്. അങ്ങനെയുള്ള തലമുറകളെ വളർത്തിയെടുക്കേണ്ടത് എങ്ങനെയെന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഗുരു പറഞ്ഞു. ഇപ്പോൾ വിദ്യാഭ്യാസം അവകാശമായി,​ ഭരണഘടനയുടെ ഭാഗമായി. ജാതിയെന്തായാലും മതമേതായാലും സഹോദരന്മാരായി കഴിയണമെന്നാണ് ഗുരുദേവൻ പറഞ്ഞത്. മനുഷ്യരെ പരസ്പരം സഹോദരന്മാരായി കാണാൻ കഴിയില്ലെങ്കിൽ നമ്മൾ മൃഗതുല്യരായി പോകും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി സംഘടിച്ച് മുന്നോട്ടു പോകാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് പല ഗുരുക്കന്മാരും സന്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും കാലാതീതമായ സന്ദേശങ്ങളാണ് ഗുരുദേവൻ നൽകിയത്. ഈ ലോകത്ത് എന്നുവരെ മനുഷ്യനുണ്ടോ അന്നുവരെ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ സ്മരിക്കപ്പെടും- ജസ്റ്റിസ് രവികുമാർ കൂട്ടിച്ചേർത്തു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടന കമ്മിറ്റി ചെയർമാനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലി, അടൂർ പ്രകാശ് എം.പി, ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വി.ജോയ് എം.എൽ.എ, വർക്കല നഗരസഭ ചെയർ പേഴ്സൺ ബിന്ദു ഹരിദാസ്, തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി കെ.മുരളീധരൻ (മുരളിയ ഫൗണ്ടേഷൻ), മുംബയ് എസ്.എൻ മന്ദിരസമിതി ചെയർമാൻ എം.ഐ.ദാമോദരൻ, മുൻ എം.പി എ. സമ്പത്ത്, മുൻ എം.എൽ.എ വർക്കല കഹാർ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ബാബുരാജ്, വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.