ഗുരുദർശനം എല്ലാ മതങ്ങൾക്കും അതീതം: മന്ത്രി ജി. സുധാകരൻ

Thursday 02 January 2020 2:27 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ദർശനം എല്ലാ മതങ്ങൾക്കും അതീതമായാണ് ലോകമാകെ നിറയുന്നതെന്നും, പ്രപഞ്ചമുള്ള കാലത്തോളം അത് നിലനിൽക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടന ശാസ്ത്രമാണ്. അതിനൊരു ജൈവിക സ്വഭാവമുണ്ട്. അല്ലാത്ത സംഘടനകൾ നശിച്ച് പോകും. പ്രപ‌ഞ്ചമാണ് ഏറ്റവും മികച്ച സംഘടന. അത് മനസിലാക്കിയാണ് ഗുരു ദൈവദശകത്തിൽ പ്രപഞ്ച സൃഷ്ടിയെ വാഴ്ത്തുന്നത്. ഗുരുവിന് പകരക്കാരില്ല. ഗുരുവിന്റെ ജനനം മുതൽ സമാധി വരെയുള്ള കാര്യങ്ങൾ ആർക്കും അനുകരിക്കാനാവില്ല. ഇതിനിടയിലെ ഏതെങ്കിലും അംശങ്ങൾ മാത്രമേ അനുകരിക്കാനാവൂ. മലയാള ഭാഷയുടെ പരിമിതി കൊണ്ടാണ് ഗുരുവിന്റെ ദർശനം ലോകമാകെ വ്യാപിക്കാതിരിക്കുന്നത്. ഗുരു സാമൂഹ്യ പരിഷ്കർത്താവ് മാത്രമല്ല. മലയാളികളോട് മാത്രമായോ ഏതെങ്കിലും മതക്കാരോട് മാത്രമോ അല്ല അദ്ദേഹം സംവദിച്ചത്. അസംഘടിതരായ, പാർശ്വവത്കരിക്കപ്പെട്ട, ഹിന്ദുമതത്തിന്റെ വേലിക്കെട്ടുകൾക്ക് പുറത്തായിരുന്ന ജനങ്ങൾക്ക് വേണ്ടിയാണ്. 'നീ അന്വേഷിക്കുന്ന ദൈവം നീ തന്നെ'യാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ ശാന്തിയുടെയും ശുചിത്വത്തിന്റെയും കേന്ദ്രങ്ങളാണ്. അത് ആ പരിപാപനതയോടെ നിലനിൽക്കുന്നു. അതേസമയം ദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളും വൃത്തികെട്ട് കാടും പടലും കയറിക്കിടക്കുകയാണെന്നും ജി.സുധാകരൻ പറഞ്ഞു.

ഗുരുദേവൻ നിർദ്ദേശിച്ച പഞ്ചശുദ്ധി വ്രതമനുഷ്ഠിച്ചെത്തുന്ന തീർത്ഥാടകർ സ്വയം മനനം ചെയ്ത് പുതിയ മനുഷ്യരായി മാറുന്നുവെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. മനുഷ്യനെ പുതുമയുടെ ഉത്തുംഗതയിലേക്ക് നയിക്കുകയാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം. ഗുരു മാനവികതയുടെ മഹാപ്രവാചകനാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ബഹറിൻ കേരള സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, മുൻ എം.എൽ.എ എ.എൻ. രാജൻബാബു, യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ജി. രാജേന്ദ്രബാബു, യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ, ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, ഐ.ടി.ഡി.സി ഡയറക്ടർ പത്മകുമാർ, ഗുരുധർമ്മ പ്രചാരണസഭ പി.ആർ.ഒ ഇ.എം. സോമനാഥൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ശിവഗിരി ധർമ്മസഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി സദ്രൂപാനന്ദ നന്ദിയും പറഞ്ഞു.