"പ്രവാസികളുടെ ഏറ്റവും വലിയ വേദി",​ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ: നന്ദി അറിയിച്ച് മുഖ്യമന്ത്രി

Thursday 02 January 2020 9:03 AM IST

തിരുവനന്തപുരം: ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എം.പി രംഗത്തെത്തി. ലോക പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ വ്യക്തമാക്കി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോക കേരള സഭ മികച്ച വേദിയായി മാറുകയാണെന്നും എം.പി പറഞ്ഞു. സഭയെ അഭിനന്ദിച്ച് രാഹുൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുമ്പോഴാണ് രാഹുലിന്റെ കത്ത് എന്നതാണ് ശ്രദ്ധേയം. രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. അങ്ങയുടെ വാക്കുകൾക്ക് നന്ദിയെന്ന് ട്വിറ്ററിൽ മുഖ്യമന്ത്രി മറുപടി നൽകി. രാഹുലിന്‍റെ കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മേളനത്തിന് തിരിതെളിച്ചത്. പ്രവാസികളായ ശാസ്ത്രജ്ഞർ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ അംബാസഡർമാരാവണമെന്ന് ഗവർണർ പറഞ്ഞു. അതുവഴി കേരളം ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറണം. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ലോകകേരളസഭയ്ക്ക് നിയമ പരിരക്ഷ കിട്ടാൻ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

47 രാജ്യങ്ങളിൽ നിന്നുള്ള 351 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ തുടങ്ങിയിടങ്ങളിൽ നിന്നും പ്രതിനിധികളുണ്ട്. 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമ സമ്മേളനത്തിലുണ്ടായിരുന്നത്. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കായുള്ള ക്ഷേമ, പുനരധിവാസ പദ്ധതികളും സഭ ചർച്ചചെയ്യും.