"ചിലരെ ആക്ഷേപിക്കാൻ നിന്നില്ല എന്നത് ശരിയാണ്" , സി.പി.ഐക്ക് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതാം വാർഷികാഘോഷ പരിപാടിയുടെ ഉദ്‌ഘാടന പ്രസംഗത്തിൽ അച്യുതമേനോന്റെ പേര് പറയാൻ വിസ്മരിച്ചെന്ന സി.പി.ഐയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരെ ആക്ഷേപിക്കാൻ നിന്നില്ല എന്നത് ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക ബന്ധ ബില്ലിനെ തകർക്കാൻ ശ്രമിച്ചവരെ കുറിച്ച് താൻ പറയാതിരുന്നത് തന്റെ ഔചിത്യമായിരുന്നു. ചിലർക്ക് ചരിത്രം അറിയില്ലെന്നും അറിയാത്തവർ സാവകാശം ഇരുന്ന് പഠിച്ച് മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാർഷികം ആഘോഷിച്ച പരിപാടിയിൽ ഞാൻ സംസാരിച്ചപ്പോൾ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇത് ചരിത്രം അറിയാത്തതുകൊണ്ടാണ്. അല്ലെങ്കിൽ പഠിക്കാത്തതുകൊണ്ട്. ചരിത്രം സാവകാശം ഇരുന്ന് പഠിച്ച് മനസിലാക്കിയതാൽ ഇത്തരമൊരു ആരോപണമോ ആക്ഷേപമോ ഉന്നയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.1967-ന് മുമ്പുള്ള സർക്കാരുകളുണ്ടായിരുന്നു. കർഷകബന്ധ ബില്ലിനെ തകർക്കാൻ അന്ന് പലരും കൂട്ടുനിന്നിട്ടുണ്ട്. അവരുടെയാരുടെയും പേര് എടുത്ത് പറയാൻ താൻ നിന്നിട്ടില്ല. ചിലരെ ആക്ഷേപിക്കുകയും ചെയ്തില്ല. ഇടത് സർക്കാർ ചെയ്തത് മാത്രമാണ് പറഞ്ഞത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി..